Connect with us

Business

രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്‍ഡക്‌സുകള്‍ താഴ്ന്ന നിലയില്‍

Published

|

Last Updated

ആഗോള ഓഹരി വിപണികള്‍ തളര്‍ന്നത് മുന്‍ നിര്‍ത്തി വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും വില്‍പനക്കാരുടെ മേലങ്കി അണിഞ്ഞു. വിദേശ ഓപറേറ്റര്‍മാര്‍ പോയ വാരം 413 മില്യന്‍ ഡോളറിന്റെ വില്‍പന നടത്തിയതോടെ പ്രമുഖ ഇന്‍ഡക്‌സുകള്‍ 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേയ്ക്ക് ഇടിഞ്ഞു. ബോംബെ സൂചിക 1620 പോയിന്റും നിഫ്റ്റി 508 പോയിന്റും കുറഞ്ഞു.

ബി എസ് ഇ റിയാലിറ്റി, കാപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്റ്റീല്‍ ഇന്‍ഡക്‌സുകള്‍ എട്ട് മുതല്‍ 11 ശതമാനം വരെ താഴ്ന്നു. ബി എച്ച് ഇ എല്‍ ഓഹരി വില 21 ശതമാനം ഇടിഞ്ഞു. ഒ എന്‍ ജി സി ക്ക് 12 ശതമാനം തകര്‍ച്ച. കമ്പനിയുടെ അറ്റാദായം 64 ശതമാനം ഇടിഞ്ഞത് ഓഹരി വിലയെയും തളര്‍ത്തി. അദാനി പോര്‍ട്ട് ഓഹരി വില 15 ശതമാനം കുറഞ്ഞു. മുന്‍ നിര ഫാര്‍മ ഓഹരിയായ റെഡീസ് ലാബിന്റെ നിരക്ക് എട്ട് ശതമാനം താഴ്ന്നു. സണ്‍ ഫാര്‍മയും സിപ്ലയും ആറ് ശതമാനം കുറഞ്ഞു. കോള്‍ ഇന്ത്യ, ടാറ്റാ മോട്ടേഴ്സ്, ഗെയില്‍, ടാറ്റാ സ്റ്റീല്‍, ആര്‍ ഐ എല്‍, എല്‍ ആന്‍ഡ് റ്റി, എച്ച് യു എല്‍, എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി തുടങ്ങിയവയുടെ നിരക്കും ഇടിഞ്ഞു.
മുന്‍ നിരയിലെ പത്ത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.82 ലക്ഷം കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ വാരം സംഭവിച്ചത്. റ്റി സി എസിന്റെ മൂല്യത്തില്‍ 39,280 കോടി രൂപയുടെ ഇടിവ്. ഒ എന്‍ ജി സി, ആര്‍ ഐ എല്‍, ഇന്‍ഫോസീസ്, എച്ച് ഡി എഫ് സി, ഐ റ്റി സി തുടങ്ങിയവക്ക് എല്ലാം തിരിച്ചടി നേരിട്ടു.
വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കാര്യമായ പിന്‍തുണ നല്‍കാനായില്ല. അവര്‍ 258 മില്യന്‍ ഡോളറിന്റെ ഓഹരികളാണ് വാങ്ങി കൂട്ടിയത്.
ബോംബെ സെന്‍സെക്‌സ് 22,986 ലാണ്. കഴിഞ്ഞ വാരത്തിലെ തകര്‍ച്ച കണക്കിലെടുത്താല്‍ വിപണിക്ക് 22,170-21,355ല്‍ താങ്ങും 24,232-25,479ല്‍ പ്രതിരോധവുമുണ്ട്. നിഫ്റ്റി സൂചിക ക്ലോസിംഗില്‍ 6980 ലാണ്. ഈ വാരം 6732-6484ല്‍ താങ്ങും 7365-7750ല്‍ തടസ്സവും നേരിടാം.
ത്രൈമാസ റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയതും വിനിമയ വിപണിയില്‍ രൂപയുടെ തകര്‍ച്ചയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. രൂപയുടെ മൂല്യം 68.24 ലേക്ക് ഇടിഞ്ഞു.
ഏഷ്യന്‍ മാര്‍ക്കറ്റുകളായ ജപ്പാന്‍, ഹോങ്കോംഗ്, കൊറിയന്‍ തുടങ്ങിയക്കും തിരിച്ചടി. ചൈനീസ് മാര്‍ക്കറ്റ് അവധിയായിരുന്നു. ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കുന്നത് സംബന്ധിച്ച് ഒപെക്ക് നടത്തിയ വെളിപ്പെടുത്തലുകള്‍ വാരാന്ത്യം യു എസ്- യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് ഉണര്‍വ് പകര്‍ന്നു. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 29.3 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1237 ഡോളറിലുമാണ്.

---- facebook comment plugin here -----

Latest