Connect with us

Sports

നാഗ്ജി കപ്പ്‌:മൂന്നിലും തോറ്റ് അര്‍ജന്റീന പുറത്ത്

Published

|

Last Updated

കോഴിക്കോട്:സേട്ട് നാഗ്ജി കപ്പില്‍ നിന്ന് അര്‍ജന്റീന പുറത്ത്. അയര്‍ലാന്‍ഡ് ടീ ഷാംറോക്കിനോട് മറുപടിയില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയാണ് അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം പുറത്തായത്. 67ാം മിനുട്ടില്‍ കില്യന്‍ ബ്രണ്ണന്‍ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെയാണ് ഷംറോക്ക് ജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ കഴിയാത്ത അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വികൂടിയായിരുന്നു ഇത്. അര്‍ജന്റീനക്ക് വേണ്ടി ഗോളിനായി ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പരുക്കന്‍ അടവുകള്‍ യഥേഷ്ടം പിറന്ന മത്സരം ഇടക്ക് കൈയാങ്കളിയിലുമെത്തി. മലബാറില്‍ ഏറെ ആരാധകരുള്ള അര്‍ജന്റീനന്‍ ടീമിന് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി തിരിച്ച് നല്‍കാന്‍ കാര്യമായ സംഭാവനകളൊന്നുമില്ലായിരുന്നു.
തീര്‍ത്തും വിരസമായിരുന്ന ആദ്യ പകുതി ആരംഭിച്ചത് തന്നെ പരുക്കന്‍ അടവുകളുമായിട്ടായിരുന്നു. കളി തുടങ്ങി ആദ്യ മിനുട്ടുകളില്‍ അര്‍ജന്റീനയുടെ മുന്നേറ്റമായിരുന്നെങ്കിലും ഷാംറോക്കിന്റെ പ്രതിരോധത്തിന് മുന്നില്‍ മുന്നേറ്റങ്ങളെല്ലാം തട്ടിത്തെറിച്ചു. ഒമ്പതാം മിനുട്ടില്‍ അര്‍ജന്റീനക്ക് പ്രതീക്ഷയെകിയ ആദ്യ കോര്‍ണര്‍ ലഭിക്കുന്നത്. ക്രിസ്റ്റിന്‍ അമറില്ലയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ക്രോസ് ബോക്‌സിനുള്ളില്‍ വെച്ച് ക്യാപ്റ്റന്‍ മിഗ്വേല്‍ ബാര്‍ബേറിക്കയുടെ തല ലക്ഷ്യമാക്കി വന്നു. പന്ത് ഹെഡ്ഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്താതെ പുറത്തേക്ക് പോയി. തിരിച്ചടിയെന്നോണം ഐറിഷ് പടയും ആക്രമണങ്ങള്‍ നടത്തി. പ്രതിരോധത്തിലൂന്നി ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അയര്‍ലാന്‍ഡ് ഇടക്ക് ചില മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. ഐറിഷ് കുന്തമുന ബ്രാഡന്‍ മിയേലെയിലൂടെ ഒറ്റയാന്‍ മുന്നേറ്റം അര്‍ജന്റീനയുടെ ബോക്‌സിനെ പല തവണ വിറപ്പിച്ചു. മുഴു നീള പാസുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അയര്‍ലാന്‍ഡിന്റെ പ്രതിരോധ നിരയായ സൈമണ്‍ മാഡന്‍, ലൂക് ബൈയണ്‍, ഡേവിഡ് വെബ്സ്റ്റര്‍ എന്നിവരുടെ കീഴിലുള്ള ഉരുക്കു കോട്ടകളില്‍ ഉടക്കിക്കൊണ്ടിരുന്നു. 16ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ അമാറില എടുത്ത ഫ്രീകിക്ക് ലാറ്റിന്‍ അമേരിക്കന്‍ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് പ്രതീക്ഷിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്താതെ കടന്നു പോയി. തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ മിഗ്വേല്‍ ബാര്‍ബേറി തലവെച്ചെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. 32ാം മിനുട്ടില്‍ അര്‍ജന്റൈന്‍ താരം ക്രിസ്റ്റ്യന്‍ അമാറിലക്ക് ലഭിച്ച പാസില്‍ ഗോളെന്നുറപ്പിച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ഐറിഷിന്റെ പ്രതിരോധ നിരയിലെ പാളിച്ചകളിലൂടെ മുന്നേറിയ അര്‍ജന്റീനയുടെ അമാറില ബോക്‌സിനടുത്ത് നിന്ന് തൊടുത്ത പന്ത് ഗോളി ബാരി മര്‍ഫി ധീരമായി തടഞ്ഞു. ഒത്തിണക്കമില്ലായ്മ ഇരു ടീമുകളിലും വ്യക്തമായിരുന്നു.
പരുക്കന്‍ അടവുകളുമായാണ് രണ്ടാം പകുതിയും ആരംഭിച്ചത്. അറുപത്തിരണ്ടാം മിനുട്ടില്‍ അയര്‍ലാഡിന്റെ സിമോണ്‍ മാഡ്ഡന്റെ തകര്‍പ്പന്‍ ക്രോസ്സിന് മിക്കി ഡ്രെണ്ണന്‍ തലവെച്ചെങ്കിലും പന്ത് പോസ്റ്റിന്‍ തട്ടി പുറത്തേക്ക് പോയി. അര്‍ജന്റീനയുടെ തന്ത്രം പതിയെ മനസ്സിലാക്കിയ ഐറിഷ് പടയുടെ മുന്നേറ്റങ്ങള്‍ ഒടുവില്‍ ലക്ഷ്യത്തിനോടടുത്തെത്താന്‍ തുടങ്ങിയിരുന്നു. 67ാം മിനിറ്റിലാണ് ഐറിഷ് പടയുടെ വിജയ ഗോള്‍ പിറന്നത്. അര്‍ജന്റൈന്‍ ഗോള്‍ പോസ്റ്റിന് 30 വാര അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ കില്യന്‍ ബ്രണ്ണന്‍ സുന്ദരമായി വലയിലെത്തിച്ചു. ബ്രണ്ണന്റെ ഇടങ്കാലന്‍ ഷോട്ട് തടുത്തിടാന്‍ അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിസ് കാപുറ്റോ പറന്നു ചാടിയെങ്കിലും പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളച്ചു കയറി.
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അര്‍ജന്റീന ഷാംറോക്ക് ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 80ാം മിനുട്ടില്‍ മൗറോ ഓര്‍ട്ടിസ് ഇടതു വിംഗിലൂടെ നടത്തിയ പ്രത്യാക്രമണം ഗോളില്‍ കലാശിക്കുമെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ തലക്ക് പാകത്തിനു വന്ന പന്ത് ഫ്രാങ്കോക്ക് ഹെഡ് ചെയ്യാനായില്ല.തുടര്‍ന്നങ്ങോട്ട് പരുക്കന്‍ അടവുകളുമായി ഇരു ടീമുകളും മുന്നേറിയതോടെ കളി വിരസമായ നിലയിലേക്ക് ചുരുങ്ങി വന്നു. ആറ് മഞ്ഞക്കാര്‍ഡുകളാണ് റഫറി ഇഹാന്‍ ഇസ്മയിലിന് മത്സരത്തില്‍ പുറത്തെടുക്കേണ്ടി വന്നത്. സെമി പ്രതീക്ഷ അസ്തമിച്ചതിനാല്‍ തന്നെ അവസാന റൗണ്ട് മത്സരം വിജയിച്ചു വിടവാങ്ങനൊരുങ്ങിയ ജൂലിയേ ഒലാര്‍ത്തെ കൊച്ചെയുടെ ടീമിനെ അഭിവാദ്യങ്ങളോടെയാണ് കാണികള്‍ വരവേറ്റത്. മത്സരത്തിനു മുന്നോടിയായി കേരളത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് അര്‍ജന്റീന മത്സരമാരംഭിച്ചത്.