Connect with us

National

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികക്ക് സുപ്രീം കോടതി കൊളീജിയം അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി കൊളീജിയം ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികക്ക് അനുമതി നല്‍കി. കഴിഞ്ഞ 11ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയത്തിന്റെ ശിപാര്‍ശയനുസരിച്ച് മദ്രാസ്, കര്‍ണാടക, അലഹബാദ്, ഡല്‍ഹി തുടങ്ങിയ ഹൈക്കോടതികളിലെ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റമുണ്ടാകും.
ജസ്റ്റിസ് ആര്‍ സുധാകറും സി എസ് കര്‍ണനും യഥാക്രമം ജമ്മു കാശ്മീരിലേക്കും കല്‍ക്കട്ട ഹൈക്കോടതിയിലേക്കും സ്ഥലം മാറും. ഭരണപരമായ കൃത്യവിലോപം കാണിച്ചുവെന്ന് ആരോപണ വിധേയമായതിനാലാണ് ജസ്റ്റിസ് സുധാകറിനെ സ്ഥലം മാറ്റുന്നത്. ജസ്റ്റിസ് കര്‍ണനെ മാറ്റാന്‍ തീരുമാനമായതായി ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനോട് പറഞ്ഞു. കേസുകളില്‍ വിവേചനം കാണിക്കുന്നുണ്ടെന്ന ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഇതിന് പുറമെ രാജ്യത്തെ ഹൈക്കോടതികളില്‍ നിലവിലുള്ള ജഡ്ജിമാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. വിവിധ ബഞ്ചുകളിലായി 400 ഒഴവുകള്‍ നിലവിലുണ്ട്. ഈ ഒഴിവുകള്‍ നികത്തുകയെന്നത് 2016ലെ ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരെ നിയമിക്കുമ്പോള്‍ മെറിറ്റിന് പുറമെ പ്രാദേശിക പ്രതിനിധാനം വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതി ജഡ്ജി എം വി ഇഖ്ബാല്‍ 12ന് വിരമിച്ചതോടെ സുപ്രീം കോടതിയിലെ ഒഴിവുള്ള ജഡ്ജിമാരുടെ എണ്ണം ആറായി. ഇതിന് പുറമേ അഞ്ച് ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കും. ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് അതത് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും നിയമ മന്ത്രലയം നടപടി സ്വീകരിക്കുക.