പൊതുനിരത്തിലെ പുകവലി: കഴിഞ്ഞ വര്‍ഷം ചുമത്തിയത് 16 കോടി രൂപ പിഴ

പൊതുയിടങ്ങളില്‍ പുകവലിച്ചതിന് ഏറ്റവും കൂടുതല്‍ പിഴയീടാക്കിയത് കണ്ണൂരില്‍ നിന്ന്‌ രണ്ടാമത് മലപ്പുറം ഏറ്റവും കുറവ് ആലപ്പുഴയില്‍
Posted on: February 15, 2016 10:35 am | Last updated: February 15, 2016 at 10:36 am

smoking public placeതിരുവനന്തപുരം: സംസ്ഥാനത്ത് പൊതുനിരത്തില്‍ പുകയില ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു വര്‍ഷം പിഴ ഈടാക്കിയത് 16 കോടി രൂപ. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം വരെയുള്ള കണക്കാണിത്. ഡിസംബറിലെ കണക്ക് കൂടി വരുമ്പോള്‍ ഇത് 17 കോടി കവിയുമെന്നതില്‍ സംശയമില്ല. 2014 നേക്കാള്‍ അഞ്ച് കോടി രൂപ അധികവരുമാനമാണ് പൊതുനിരത്തിലെ പുകവലിക്ക് പിഴയിനത്തില്‍ സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്. 2014 ല്‍ 11.33 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാറിലേക്ക് ലഭിച്ചത്. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം ലംഘിക്കല്‍, പുകയില ഉത്പന്നങ്ങളുടെ പരോക്ഷ പരസ്യം, പ്രൊമോഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് നിരോധം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങളുടെ വില്‍പന നിരോധം, വിദ്യാഭ്യാസ സ്ഥാപനത്തിങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന നിരോധം, എല്ലാ പുകയില ഉത്പന്നങ്ങളില്‍ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകളുടെ നിര്‍ബന്ധമായ ചിത്രീകരണം, എന്നീ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ 11 മാസത്തിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 16 കോടിയില്‍പ്പരം രൂപ വന്നു ചേര്‍ന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ തുക പിഴയിനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നത് പൊതുനിരത്തില്‍ പുകവലി നിരോധന നിയമം ലംഘിച്ചതിനാണ്. 15.35 കോടി രൂപയാണ് ഇതുമായി ബന്ധപ്പെട്ട് ഈടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങള്‍ വിപണനം ചെയ്യരുതെന്ന നിയമം ലഘിച്ചതുമായി ബന്ധപ്പെട്ട് 61.79 ലക്ഷം രൂപയും പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് 40.02 ലക്ഷം രൂപയും പിഴയീടാക്കി.
പുകയില ഉത്പന്നങ്ങളുടെ പരസ്യ പ്രചാരണം നടത്തിയതിന് 2.07 ലക്ഷം രൂപയും പുകയില ഉത്പന്നങ്ങളില്‍ ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കാതിരുന്നതിന് 1.91 ലക്ഷം രൂപയും പിഴ ഈടാക്കി. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലിച്ച് നിയമലംഘനം നടത്തിയതിന് ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ ജില്ല കണ്ണൂരാണ്. കഴിഞ്ഞ 11 മാസംകൊണ്ട് 64.60 ലക്ഷം രൂപയാണ് പിഴയൊടുക്കിയത്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 30.64 ലക്ഷം രൂപ. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനവുമായി ഏറ്റവും കുറവ് പിഴയൊടുക്കിയ ജില്ല ആലപ്പുഴയാണ്. 7.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് സര്‍ക്കാറിന് ലഭിച്ചത്.