Connect with us

Kerala

നവകേരള മാര്‍ച്ച് ഇന്ന് സമാപിക്കും

Published

|

Last Updated

തിരുവനന്തപുരം: സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് വന്‍സമ്മേളനത്തോടെ ഇന്ന് സമാപിക്കും. സമാപന സമ്മേളനം നിയസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാക്കി മാറ്റാനാണ് പാര്‍ട്ടി നേതൃത്വം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ജാഥയുടെ സമാപസമ്മേളനം പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറും. ഒരോ നിയസഭ മണ്ഡലങ്ങളില്‍ നിന്നും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ആളുകളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഒ എന്‍ വി കുറുപ്പിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചിച്ചും, ആദരസൂചകവുമായാണ് ഇന്നലെ നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം ഇന്നത്തേക്ക് മാറ്റിയത്. നവകേരള മാര്‍ച്ചിന്റെ ജില്ലാതല സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായിരുന്നു ഒ എന്‍ വി.
സമാപന സമ്മേളനം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍, ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി സംസാരിക്കും. പൊതു സമ്മേളനത്തിന് എത്തിച്ചേരുന്ന ജാഥാ ക്യാപ്റ്റനും മറ്റു നേതാക്കള്‍ക്കും റെഡ് വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
തുടര്‍ന്ന് വീട്ടമ്മമാരും കുട്ടികളും അണിനിരന്ന് ജാഥയെ വരവേല്‍ക്കും. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ മഹാസമ്മേളനം തലസ്ഥാന ജനതക്ക് ഒരു തരത്തിലും ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായി നേതാക്കള്‍ അറിയിച്ചു. വോളന്റിയര്‍മാര്‍ മുന്‍കൈയ്യെടുത്ത് വാഹനങ്ങള്‍ തിരിച്ചുവിടാനും, പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമാപനസമ്മേളനത്തിനുശേഷം പ്രദേശത്തെ മാലിന്യം പ്രവര്‍ത്തകര്‍ തന്നെ മാറ്റും. ശുചീകരണത്തിനായി മാത്രം ആയിരം പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Latest