Connect with us

Kerala

ജില്ലാ കോടതികളില്‍ കെട്ടികിടക്കുന്നത് രണ്ട് കോടി കേസുകള്‍: ചീഫ് ജസ്റ്റിസ്

Published

|

Last Updated

കൊച്ചി: രാജ്യത്ത് ജില്ലാകോടതികളില്‍ മാത്രമായി 27156020 കേസുകള്‍ കെട്ടികിടക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍. 2015 ജൂണ്‍ വരെയുള്ള കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 64ാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായുള്ള സംസാരത്തിലാണ് അദ്ദേഹത്തിന് കണക്കുകള്‍ ലഭിച്ചത്.

കേരളത്തിലും ലക്ഷദ്വീപിലുമായി ജില്ലാ കോടതികളില്‍ 1354050 കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നിയമജ്ഞര്‍ അധിക പരിശ്രമം നടത്തണം. നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാലാനുസൃതമായി അറിവുകള്‍ പുതുക്കി കൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ സത്യസന്ധമായും കാലാനുസൃതമായും ഏവരുടേയും അംഗീകാരത്തോടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സത്യസന്ധതയും ആത്മാര്‍ഥതയുമാണ് നീതിന്യായത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നീതിന്യായത്തിന് കഴിയണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്ന നിയമങ്ങളാണ് ഭരണഘടനക്കുള്ളത്. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം വേണം. കാര്യനിര്‍വഹണവും നിയമനിര്‍മാണവും നീതിന്യായവും സന്തുലിതാവസ്ഥയില്‍ കൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറി ഓഫീസേഴ്‌സ് അസോസിയേഷന്റെ കലാ ശാഖയായ കലാനിധത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ജി ഒ എ പ്രസിഡന്റ് പി കെ അരവിന്ദബാബു അധ്യക്ഷത വഹിച്ചു.

Latest