Connect with us

Ongoing News

പാക്കിസ്ഥാന് എഫ് 16 യുദ്ധ വിമാനം:ഇന്ത്യയുടെ പ്രതികരണങ്ങളില്‍ അമേരിക്കക്ക് അതൃപ്തി

Published

|

Last Updated

മുംബൈ: പാക്കിസ്ഥാന് എഫ് 16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ നടത്തിയ പ്രതികരണത്തില്‍ അമേരിക്കക്ക് അതൃപ്തി. യു എസ് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം തേടാന്‍ മാത്രമുള്ള പ്രശ്‌നങ്ങളൊന്നും ഈ നീക്കത്തിലില്ലെന്ന് അമേരിക്ക അവകാശപ്പെട്ടു.

പാക് മണ്ണിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് ആ രാജ്യത്തെ സജ്ജമാക്കുകയെന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമാണെന്നും അത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും യു എസ് സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ പറഞ്ഞു. മേക് ഇന്‍ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ഏഷ്യാ ബിസിനസ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി അമേരിക്ക പാക്കിസ്ഥാന് വില്‍ക്കുന്ന ആയുധങ്ങള്‍ സിവിലിയന്‍, സൈനിക ഉപകരണങ്ങളുടെ മിശ്രണമാണ്. പാക്കിസ്ഥാനില്‍ അപകടകരമായ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സത്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് എഫ് 16 വിമാനങ്ങള്‍ വില്‍ക്കുന്നത്. പാക്കിസ്ഥാനെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭീകര വിരുദ്ധ സഹകരണത്തിന്റെ മറവില്‍ പാക്കിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുളള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധിച്ചിരുന്നു.
റിച്ചാര്‍ഡ് വര്‍മയെ വിളിച്ച് വരുത്തി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. തീവ്രവാദത്തിനെതിരെ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധ വിമാന കൈമാറ്റം നടത്തുന്നത്. എന്നാല്‍, ഇത് എത്രകണ്ട ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇക്കാര്യം അമേരിക്കന്‍ സ്ഥാനപതിയെ അറിയിച്ചിട്ടുമുണ്ട്.
പാക്കിസ്ഥാന്റെ ശത്രു ഇന്ത്യയാണെന്നിരിക്കെ പാക്കിസ്ഥന് അമേരിക്ക നല്‍കുന്ന യുദ്ധോപകരണങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്കയുമാണ് ഇന്ത്യ അമേരിക്കന്‍ സ്ഥാനപതിയുമായി പങ്കുവെച്ചത്. ഈ വിമാനങ്ങള്‍ ഭീകരവാദികള്‍ക്കെതിരെ ഉപയോഗപ്പെടുത്തുമെന്ന അമേരിക്കന്‍ നിലപാടിനോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Latest