വാട്ടര്‍ കണക്ഷനുകളില്‍ 80 ശതമാനം കുറവ് നല്‍കുന്ന പദ്ധതി വീണ്ടും നടപ്പാക്കും: കെജ്‌രിവാള്‍

Posted on: February 15, 2016 12:30 am | Last updated: February 14, 2016 at 11:44 pm
AAMAADMI
ഡല്‍ഹി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: പുതിയ വാട്ടര്‍ കണക്ഷനുകളില്‍ 80 ശതമാനം കുറവ് നല്‍കുന്ന പദ്ധതി വീണ്ടും നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ജൂലൈ വരെ പദ്ധതി തുടരും. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1.5 ലക്ഷം പേരാണ് പുതിയ വാട്ടര്‍ കണക്ഷനായി അപേക്ഷിച്ചത്. നിയമപരമല്ലാത്ത കോളനികളില്‍ ആളുകള്‍ക്ക് ജലമെടുക്കാനും മണ്ണിനടിയിലൂടെ കുടിവെള്ള പൈപ്പുകള്‍ ഇടുന്നതിന്റെ ചാര്‍ജില്‍ 80 ശതമാനം കുറവ് നല്‍കുന്നതാണ് പദ്ധതി. ഇതുപ്രകാരം വാട്ടര്‍ കണക്ഷന്‍ എടുക്കുമ്പോള്‍ സ്‌ക്വയര്‍ മീറ്ററിന് 440 രൂപയില്‍ നിന്ന് 100 രൂപയായും ഓടകള്‍ വികസിപ്പിക്കുന്നതിന്റെ നിരക്ക് 494 നിന്ന് 100 രൂപയായും കുറയും.
ഈ പദ്ധതി വീണ്ടും തുടങ്ങുകയാണെന്നും ജനങ്ങള്‍ പുതിയ കണക്ഷന്‍ എടുക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പൈപ്പ്‌ലൈന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.