അഫ്ഗാനില്‍ സിവിലിയന്‍ അത്യാഹിതങ്ങള്‍ കൂടുന്നു: യു എന്‍

Posted on: February 15, 2016 1:09 am | Last updated: February 14, 2016 at 11:12 pm
SHARE

AFGHANകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്ത സാധാരണക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി കണക്കുകള്‍. 2009 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് സാധാരണക്കാരായ അഫ്ഗാന്‍കാര്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇന്നലെ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്. 2015ല്‍ 11,002 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ സാധാരണക്കാരായ 3,545 പേരുടെ മരണവും ഉള്‍പ്പെടുന്നു. സാധാരണക്കാരായ ആളുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നീതീകരിക്കാനാകില്ലെന്നും ഇത് അസ്വീകാര്യവുമാണെന്നും അഫ്ഗാനിസ്ഥാനിലെ യു എന്‍ പ്രത്യേക പ്രതിനിധി നിക്കോളാസ് ഹൈസണ്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തരമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും നഗരങ്ങളിലും സംഘര്‍ഷങ്ങളും അക്രമണങ്ങളും വര്‍ധിക്കുന്നത് സാധാരണക്കാരെ കൂടുതല്‍ മോശമായി ബാധിക്കുന്നു. നഗരപ്രദേശങ്ങളിലെ താലിബാന്‍ ആക്രമണങ്ങളിലും നിരവധി മരണം സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്‍ അവകാശപ്പെട്ട് രംഗത്തെത്തുന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടെ 62 ശതമാനം ആക്രമണങ്ങളും സര്‍ക്കാര്‍ വിരുദ്ധ ഘടകങ്ങളാണ്. അതുപോലെ സര്‍ക്കാര്‍ അനുകൂല സൈന്യവും അന്താരാഷ്ട്ര സൈന്യങ്ങളും നടത്തുന്ന നീക്കങ്ങളിലും സാധാരണക്കാരുടെ മരണനിരക്കും പരുക്കുകളും വര്‍ധിച്ചിട്ടുണ്ട്. 2014നോട് താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങളില്‍ 28 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി.
സര്‍ക്കാര്‍ സൈന്യം നടത്തിയ തിരിച്ചടിക്കിടെ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
യു എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കുട്ടികള്‍ക്ക് സംഭവിക്കുന്ന ജീവഹാനിയും വ്യക്തമാക്കുന്നു. അത്യാഹിതം സംഭവിക്കുന്ന സാധാരണക്കാരില്‍ നാലില്‍ ഒരാള്‍ കുട്ടിയാണ്. 2014 വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് സംഭവിച്ച അത്യാഹിതങ്ങള്‍ 14 ശതമാനം ഉയര്‍ന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here