കനയ്യ കുമാറും രോഹിത് വെമുലയും

മലേഗാവ് മുതല്‍ സംഝോത വരെ നീണ്ട ആക്രമണങ്ങളില്‍ പങ്കാളികളെന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് മേല്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് ചുമത്തിയത് നീക്കാന്‍ ഭരണ നേതൃത്വം പഴുതന്വേഷിക്കുകയും അവര്‍ ദേശീയവാദികളും രാജ്യസ്‌നേഹികളുമായി തുടരുകയും ചെയ്യുന്ന വൈരുധ്യത്തിലാണ് ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ ജീവിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി പരിഗണിച്ചപ്പോള്‍ വേണ്ടവിധം വാദിക്കേണ്ടെന്ന് സി ബി ഐക്ക് നിര്‍ദേശം നല്‍കിയ രാജ്യസ്‌നേഹികള്‍ ഭരിക്കുന്ന നാട്. അവിടെ രാജ്യദ്രോഹവും രാജ്യസ്‌നേഹവം ഭരണകൂടം നിശ്ചയിക്കുന്നത് മാത്രമായിരിക്കും. ഭരണനേതൃത്വത്തെയോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയോ അവരുടെ വിദ്യാര്‍ഥി വിഭാഗത്തെയോ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ രാജ്യദ്രോഹമോ ദേശവിരുദ്ധ പ്രവൃത്തിയോ ആകും. മോദിയാണ് ഇന്ത്യ എന്ന് അദ്ദേഹത്തിന്റെ വാഗ് - പ്രവൃത്തികളാലും ഹിന്ദുത്വവാദികളുടേത് മാത്രമാണ് ഇന്ത്യയെന്ന് സംഘ്പരിവാര പ്രവൃത്തികളാലും ഉദ്‌ഘോഷിക്കപ്പെടുന്നു.
Posted on: February 15, 2016 6:32 am | Last updated: February 14, 2016 at 10:54 pm
SHARE

ROHITH KANHAYIതീവ്രവാദത്തിന്റെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഒളിയിടമായി ഹൈദരാബാദ് സര്‍വകലാശാല മാറിയിരിക്കുന്നുവെന്നും ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഭണ്ഡാരു ദത്താത്രേയ, മാനവവിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിക്കു നല്‍കിയ കത്തില്‍ പറഞ്ഞത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍, തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തുടരെ സന്ദേശങ്ങളയച്ചു. തുടര്‍ന്ന് സര്‍വകലാശാല സ്വീകരിച്ച നടപടികളാണ് രോഹിത് വെമുലയെന്ന ചെറുപ്പക്കാരനെ ആത്മാഹുതിയിലേക്ക് തള്ളിവിട്ടത്. ജനനം മുതല്‍ അധകൃതനായ ഒരുവനെ, ഭരണകൂടവും അതിന്റെ വിധേയരായ സര്‍വകലാശാല അധികൃതരും ലക്ഷ്യമിടാന്‍ തീരുമാനിച്ചപ്പോള്‍ ആത്മാഹുതി കൊണ്ട് പ്രതിക്രിയ ചെയ്യാനായിരുന്നു തീരുമാനം. ആ നിലക്ക് ആത്മാഹുതിയായല്ല, ഭരണകൂടങ്ങള്‍ ചേര്‍ന്ന് നടപ്പാക്കിയ പാതകമായി വേണം ഇതിനെ കാണാന്‍.
രോഹിതിന്റെ ആത്മാഹുതി ഇല്ലായിരുന്നുവെങ്കില്‍ തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഹൈദരാബാദ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികളെ ഭരണകൂടം തുറുങ്കിലടച്ചേനേ. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെയോ (എ ബി വി പി) പ്രാദേശിക ബി ജെ പി നേതാക്കളുടെയോ കേന്ദ്രമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നേതാക്കളുടെയോ പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാനോ അതിന് തെളിവുകള്‍ ചമക്കാനോ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രയാസമേതുമില്ല.
മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ (എ പി എസ് സി) ഐ ഐ ടി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ (പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു) രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖമാസികയായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതിയിരുന്നു. ക്യാംപസുകളെ ചുവപ്പുവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റഡി സര്‍ക്കിളെന്നും ഹിന്ദുവിരുദ്ധവും ഭാരതവിരുദ്ധവുമായ വിഭാഗീയ തത്വശാസ്ത്രം പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇതെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി. എ പി എസ് സിയെക്കുറിച്ച് അജ്ഞാതന്‍ നല്‍കിയ പരാതി, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഐ ഐ ടി അധികൃതര്‍ തീരുമാനിച്ചത്. അജ്ഞാതന്റെ പരാതിയും അതിന്‍മേല്‍ നടപടി സ്വീകരിക്കാനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശിപാര്‍ശയും സംഘ്പരിവാര്‍ ആസൂത്രിതമായ ഒന്നായിരുന്നോ എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളിലാണ് ദേശവിരുദ്ധത ആരോപിക്കപ്പെടുന്നത്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ സര്‍വകലാശാലയിലൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമം നടന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ രംഗത്തുവന്ന എ ബി വി പി നരേന്ദ്ര മോദി സര്‍ക്കാറിനാല്‍ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പരാതി നല്‍കി. ചടങ്ങിന് വിലക്കേര്‍പ്പെടുത്താന്‍ കാലതാമസമുണ്ടായില്ല. വിലക്ക് ലംഘിച്ച് ഏതാനും വിദ്യാര്‍ഥികള്‍ ചടങ്ങ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിച്ചു. ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമിച്ചു അതിനിടയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണമുണ്ട്. അതിന്റെ പേരില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറുള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസ്, കണ്ടാലയറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് കാത്തിരിക്കുന്നു. എല്ലാവര്‍ക്കും മേലുണ്ട് രാജ്യദ്രോഹക്കുറ്റം.
കുറ്റം രാജ്യദ്രോഹമാകയാലും ഹൈദരാബാദിലെയും മദ്രാസിലെയും പോലെ തീവ്രവാദവും ഭാരതവിരുദ്ധമായ വിഭാഗീയ തത്വശാസ്ത്രം പ്രകടിപ്പിക്കലുമാകയാല്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്ന് രാജ്‌നാഥ് സിംഗിന്റെ വരുതിയിലുള്ള ഡല്‍ഹി പോലീസിന് ഇതിനകം തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട വ്യക്തിക്ക് വേണ്ടി സംഘം ചേരാന്‍ ശ്രമിക്കണമെങ്കില്‍ ആ വ്യക്തിയുമായി ബന്ധമുണ്ടാകാതെ തരമില്ല. ആ വ്യക്തിയുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ലിമെന്റ് ആക്രമണം ആസൂത്രണം ചെയ്തവരുമായി ബന്ധമില്ലാതെ നിവൃത്തിയില്ല തന്നെ. മുദ്രാവാക്യധാരികളില്‍ കശ്മീര്‍ സ്വദേശികള്‍ കൂടിയുണ്ടെങ്കില്‍ സംശയം ലേശവുമില്ല. തീവ്രവാദത്തില്‍ നിന്ന് ഭീകരവാദത്തിന്റെ തലത്തിലേക്ക് കാര്യങ്ങള്‍ ഉയരേണ്ട സമയമായിരിക്കുന്നു. അതിനാല്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് – യു എ പി എ) ചുമത്താന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുമാണ്. രാജ്‌നാഥും ഡല്‍ഹി പോലീസും വൈകിയാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരാരെങ്കിലും ഉപദേശിക്കണം.
മദ്രാസിലൊരു സംഘടനക്ക് നിരോധമേര്‍പ്പെടുത്താനാണ് ശ്രമിച്ചത്. ഹൈദരാബാദില്‍ അത്തരം സംഘടനകളുടെ ഭാഗമായവരെ നേരിട്ട് ലക്ഷ്യമിടാന്‍ ശ്രമിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യ/കൊലപാതകം ഇല്ലായിരുന്നുവെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള അറസ്റ്റ് അവിടെത്തന്നെയുണ്ടാകുമായിരുന്നു. സംഘ്പരിവാരത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പോലീസല്ല ഹൈദരാബാദില്‍ ഇപ്പോഴുമുള്ളത്. തെലങ്കാന രാഷ്ട്ര സമിതിയുടെ നിയന്ത്രണത്തിലുള്ള പോലീസിനു മേലേക്ക് കേന്ദ്ര മന്ത്രാലയങ്ങള്‍ വഴി തിട്ടൂരമെത്തിക്കണമായിരുന്നു സംഘ്പരിവാരത്തിന്. എന്നിട്ടും എ ബി വി പി നേതാവിനെ മര്‍ദിച്ചുവെന്ന പരാതി വാസ്തവമാണെന്ന് എഴുതാന്‍ അവര്‍ മടികാട്ടി. ഡല്‍ഹിയില്‍ പോലീസ് നേരിട്ട് നിയന്ത്രണത്തിലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തലും പ്രതികളെത്തേടി സര്‍വകലാശാല വളപ്പിനുള്ളില്‍ അഴിഞ്ഞാടലും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യലും മണിക്കൂറുകള്‍ക്കുള്ളില്‍ സാധിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവയൊന്നും. ഭരണസംവിധാനം ഉപയോഗിച്ചും അല്ലാതെയും, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സംഘ്പരിവാരം നടത്തുന്ന ശ്രമങ്ങള്‍. ഭീതിയുടെ നിഴലിന് കീഴിലേക്ക് ജനത്തെയാകെ എത്തിക്കാന്‍ പാകത്തില്‍ നടത്തുന്ന പ്രവൃത്തികള്‍, പ്രസ്താവനകള്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറുന്നത്. ഇന്ദിരാ പ്രിയദര്‍ശിനി, ഏകാധിപതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ കാലത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം വിളംബരം ചെയ്ത കാലത്തും പ്രതിഷേധങ്ങളുടെ ജ്വാലയുയര്‍ത്തുന്നതില്‍ നമ്മുടെ ക്യാംപസുകള്‍ വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ജനതാപരിവാറിലെ യുവരക്തമായിരുന്നവരാണ് ഇന്ന് കൈകോര്‍ത്തുനിന്ന് ബീഹാറില്‍ മോദി – അമിത് ഷാ അച്ചുതണ്ടിനെയും അതിനെ മുന്‍നിര്‍ത്തി ഓടാന്‍ ശ്രമിച്ചിരുന്ന സംഘ്പരിവാരത്തെയും തടയിട്ടത്.
പാര്‍ലിമെന്റിനകത്തും പുറത്തുമുള്ള പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ദാര്‍ശനികമായ ഒരടിത്തറ, സംഘ്പരിവാരത്തെ നേരിടുന്നതിന് ആവശ്യമുണ്ട്. പുരാണത്തെയും ചരിത്രത്തെയും സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയോ അവകളെ സ്വന്തം ആവശ്യങ്ങള്‍ക്കായി വ്യാഖ്യാനിക്കുകയോ സംഘ്പരിവാരം ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പ്രായോഗിക രാഷ്ട്രീയത്തിലെ നിലപാടുകളും ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ ത്രാണിയുള്ള കക്ഷികളുമായി യോജിക്കലും നരേന്ദ്ര മോദിയെയോ ബി ജെ പിയോ അധികാരത്തിന് പുറത്താക്കാന്‍ ഒരുപക്ഷേ സഹായിച്ചേക്കാം. പക്ഷേ, കൂടുതല്‍ വീര്യമുള്ള വിഷവുമായാവും അവര്‍ തിരിച്ചെത്താന്‍ ശ്രമിക്കുക. ആ വിഷം പ്രയോഗിക്കാന്‍ ത്രാണിയുള്ള പുതിയ നേതാക്കളെ അവര്‍ രംഗത്തിറക്കും. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയേക്കാള്‍, ഗുജറാത്ത് വംശഹത്യയേക്കാള്‍ മാരകമായ മറ്റൊന്ന് സൃഷ്ടിക്കാനും അതിന്റെ സ്രഷ്ടാക്കളെ രാഷ്ട്ര നേതാക്കളായി ഉയര്‍ത്തിക്കാട്ടാനും ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കാനും മടിയുണ്ടാകില്ല. ആഭ്യന്തര – വിദേശ കുത്തകകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമ്പോള്‍ അവര്‍ക്കത് നിഷ്പ്രയാസം.
മലേഗാവ് മുതല്‍ സംഝോത വരെ നീണ്ട ആക്രമണങ്ങളില്‍ പങ്കാളികളെന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് മേല്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് ചുമത്തിയത് നീക്കാന്‍ ഭരണ നേതൃത്വം പഴുതന്വേഷിക്കുകയും അവര്‍ ദേശീയവാദികളും രാജ്യസ്‌നേഹികളുമായി തുടരുകയും ചെയ്യുന്ന വൈരുധ്യത്തിലാണ് ഇന്ത്യന്‍ യൂണിയനിലെ ജനങ്ങള്‍ ജീവിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നുവെന്ന കേസില്‍ കുറ്റാരോപിതനായിരുന്ന അമിത് ഷാ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി പരിഗണിച്ചപ്പോള്‍ വേണ്ടവിധം വാദിക്കേണ്ടെന്ന് സി ബി ഐക്ക് നിര്‍ദേശം നല്‍കിയ രാജ്യസ്‌നേഹികള്‍ ഭരിക്കുന്ന നാട്. അവിടെ രാജ്യദ്രോഹവും രാജ്യസ്‌നേഹവം ഭരണകൂടം നിശ്ചയിക്കുന്നത് മാത്രമായിരിക്കും. ഭരണനേതൃത്വത്തെയോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയോ അവരുടെ വിദ്യാര്‍ഥി വിഭാഗത്തെയോ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ രാജ്യദ്രോഹമോ ദേശവിരുദ്ധ പ്രവൃത്തിയോ ആകും. ഇന്ദിരയാണ് ഇന്ത്യ, എന്ന് മുമ്പൊരിക്കലുയര്‍ന്ന മുദ്രാവാക്യം, മോദിയാണ് ഇന്ത്യ എന്ന് അദ്ദേഹത്തിന്റെ വാഗ് – പ്രവൃത്തികളാലും ഹിന്ദുത്വവാദികളുടേത് മാത്രമാണ് ഇന്ത്യയെന്ന് സംഘ്പരിവാര പ്രവൃത്തികളാലും ഉദ്‌ഘോഷിക്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയത്തിലെ എതിരാളികളെ നേരിടുന്നതിനേക്കാള്‍ പ്രയാസമുണ്ട് തങ്ങളെ താത്വികമായി നേരിടാന്‍ അടിത്തറയൊരുക്കുന്നവരെ എന്ന് ഈ മുദ്രാവാക്യ പ്രയോക്താക്കള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍.
ഏത് വിദ്യാര്‍ഥിയും രാജ്യദ്രോഹക്കേസില്‍ അകപ്പെടാനിടയുണ്ട്, ഏത് വിദ്യാര്‍ഥിയും ദേശവിരുദ്ധ ശക്തികളുമായി ബന്ധമുള്ളവനാണെന്ന് ചിത്രീകരിക്കപ്പെടാന്‍ ഇടയുണ്ട് എന്നുവന്നാല്‍ പുതുതലമുറ എളുപ്പത്തില്‍ കീഴടങ്ങിക്കൊള്ളുമെന്ന ധാരണയിലാണ് നമ്മുടെ ഭരണ നേതൃത്വം.

 

LEAVE A REPLY

Please enter your comment!
Please enter your name here