Connect with us

Gulf

'വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന് കര്‍മപദ്ധതി അനിവാര്യം'

Published

|

Last Updated

ദോഹ: വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ വിപുലീകരിക്കുന്നതിന് ഗള്‍ഫ് മേഖല സന്നദ്ധമായ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അത്തരം വ്യവസായങ്ങളുടെ സാമ്പത്തിക ഘടന ശക്തമാക്കുന്നതിനും കൃത്യമായ കര്‍മപദ്ധതി അനിവാര്യമാണെന്ന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് (ജി ഒ ഐ സി). വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ജി സി സി രാഷ്ട്രങ്ങള്‍ വലിയ പരിശ്രമമാണ് നടത്തുന്നത്. മറ്റ് നിരവധി വെല്ലുവിളികള്‍ ഉണ്ടെങ്കിലും സുവ്യക്ത കര്‍മപദ്ധതിയുടെ അഭാവം മുഴച്ചുനില്‍ക്കുന്നതായി ജി ഒ ഐ സിയിലെ വിജ്ഞാന സമ്പദ്ഘടനാ വിദഗ്ധയും സ്ട്രാറ്റജിക് പ്ലാനിംഗ് കണ്‍സള്‍ട്ടന്റുമായ ഡോ. ലൈല ദിയബ് ശ്രെയ്ര്‍ ചൂണ്ടിക്കാട്ടി.

നിരവധി വ്യവസായ പ്രവര്‍ത്തനങ്ങള്‍ ഉള്ള ജി സി സി രാഷ്ട്രങ്ങളില്‍ വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന് വലിയ സാധ്യതയുണ്ട്. വിവിധ വ്യവസായങ്ങളിലും ഇത് ഉപയോഗപ്പെടുത്താം. ജല ശുദ്ധീകരണ മേഖല, കെമിക്കല്‍- പെട്രോകെമിക്കല്‍ മേഖലകളിലെ ബയോ റിഫൈനറി, സോളാര്‍ സാങ്കേതികവിദ്യകളിലെ നാനോപ്രാക്ടിക്കിള്‍, പാരസ്ഥിതിക, രസതന്ത്ര മേഖലകളിലെ സെന്‍സറുകള്‍, ഓട്ടോമോട്ടീവ്- നിര്‍മാണ വ്യവസായങ്ങളിലെ നാനോസ്ട്രക്ചര്‍ പോളിമറിക് ഗ്ലാസ്, ഭക്ഷ്യവിതരണം- സുരക്ഷാ മേഖലകളിലെ ബയോപോളിമര്‍ തുടങ്ങിയ മേഖലകള്‍ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വഴിതുറക്കാന്‍ യോജിച്ചവയാണ്. സാങ്കേതികവിദ്യ, പ്ലാസ്റ്റിക്, കെമിക്കല്‍, കോംപോസിറ്റ്, സ്മാര്‍ട്ട് മെറ്റീരിയല്‍, ആണവോര്‍ജം തുടങ്ങിയ മേഖലകള്‍ വളരെ കൂടുതല്‍ അവലംബിക്കുന്ന അസംസ്‌കൃത വസ്തുക്കളും മികച്ച സാധ്യത തുറക്കുന്നതാണ്. ഇത് കണക്കിലെടുത്ത് യു എ ഇ നിരവധി സംരംഭങ്ങള്‍ തുടങ്ങി. അന്താരാഷ്ട്ര പങ്കാളികളുമായി സഊദി അറേബ്യ കരാറുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഉത്പന്ന നിര്‍മാണ മേഖലയും വിജ്ഞാനാധിഷ്ഠിത വ്യവസായ മാതൃകകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ നിലവിലുള്ള ക്ലസ്റ്ററുകളെ തിരിച്ചറിയുകയും വേണം. നിലവിലെ വ്യവസായങ്ങള്‍ തൊഴില്‍ ശക്തി, മൂലധനം, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയെ അവലംബിക്കുന്നു. അതേസമയം, വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും വികസിച്ച വൈദഗ്ധ്യവും മാനവവിഭവശേഷിയും ആണ് വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ അടിസ്ഥാനം. അടിസ്ഥാന വിദ്യാഭ്യാസം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം തുടങ്ങിയവയുടെ വികസനത്തില്‍ ജി സി സി രാഷ്ട്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗുണമേന്മയുള്ള തൊഴില്‍ശക്തിയുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ് ഇനി ആരായേണ്ടത്.

നിയന്ത്രണങ്ങള്‍ മറികടക്കാനും ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താനും വിദേശനിക്ഷേപ നയങ്ങള്‍ക്കും ആവശ്യമായി പൊതുവെ കരുത്ത് പ്രകടിപ്പിക്കാന്‍ വാണിജ്യ നയങ്ങള്‍ വ്യത്യസ്തമായിരിക്കും. ജി സി സാ രാഷ്ട്രങ്ങളിലെ സാമ്പത്തിക കരുതല്‍ ശേഖരം വലിയതോതിലുണ്ട്. എന്നാല്‍ ഈ കരുതല്‍ ശേഖരം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിന് ധന ഘടനകളായി മാറ്റേണ്ടതുണ്ട്.

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യ വികസനവും ജി സി സിക്കുണ്ട്. അതിനാല്‍ തന്നെ നയ മാറ്റുന്നതിന് ഇനി കാലതാമസം വരുത്തേണ്ടതില്ല.
ജി സി സിക്ക് ഉത്പാദന സംസ്‌കാരം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. “ഉത്പാദന സംസ്‌കാരം ഉള്‍പ്പെടുത്തി കരിക്കുലം പരിഷ്‌കരിക്കുകയാണെങ്കില്‍ വിദ്യാര്‍ഥികളിലൂടെ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വിജ്ഞാനാധിഷ്ഠിത വ്യവസായം വിപുലീകരിക്കുന്നതിന് ഗവേഷണവും വേണം.”