Connect with us

Gulf

ലൈംഗിക കുറ്റവാളികള്‍ക്ക് ജയിലില്‍ കൗണ്‍സിലിംഗ് വേണം: ഡോ സുനിത കൃഷ്ണന്‍

Published

|

Last Updated

ദോഹ: ലൈംഗിക കുറ്റവാളികള്‍ക്ക് തടവറകളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ ചികിത്സ ആവശ്യമുണ്ടെന്ന് പ്രമുഖ സന്നദ്ധ പ്രവര്‍ത്തക പത്മശ്രീ സുനിതാ കൃഷ്ണന്‍. “ഫോക്കസ് ലേഡീസ്” പ്രഖ്യാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പല സ്ഥലങ്ങളിലും ലൈംഗീക കുറ്റവാളികളായി പിടിക്കപ്പെടുന്നവര്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നുണ്ട്. പതിനാലു വയസ്സുകാരനായ ഒരു കുട്ടി ഇത്തരത്തില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട് ഏറെ നാള്‍ കഴിയും മുമ്പ് മറ്റൊരു കേസില്‍ അറസ്റ്റിലായത് അറിയാം. നമ്മുടെ നിയമ സംവിധാനത്തിലും ശിക്ഷാ രീതികളിലുമെല്ലാം കാതലായ മാറ്റം വേണം. കുറ്റകൃത്യം ചെയ്യുന്നവരെ എങ്ങിനെ സാധാരണ മാനസിക ഘടനയിലേക്ക് കൊണ്ടുവരാമെന്നത് ചിന്തനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കാന്‍ ആലോചനയുണ്ട്. കുറ്റവാളികളുടെ രജിസ്റ്ററാണ് ആദ്യം വേണ്ടത്. ഇവരുടെ പട്ടിക പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണം. എങ്കില്‍ കുറേയൊക്കെ ഇതില്‍ നിന്ന് മോചനമുണ്ടാവാനിടയുണ്ട്. യൂറോപ്പിലും അമേരിക്കയിലുമുള്‍പ്പെടെ കുറ്റവാസന ഇല്ലാതാക്കാനുള്ള ചികിത്സ ശിക്ഷാ നടപടിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ കുപ്രസിദ്ധമായ “കൊച്ചു സുന്ദരി”യുടെ ഉപഭോക്താക്കളില്‍ ധാരാളം പ്രവാസികളും ഉണ്ടായിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ലൈംഗീക ചൂഷണത്തിന് ഇരയാക്കാനുള്ള കെണിയൊരുക്കലായിരുന്നു അത്. പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ ദൂരെ നടക്കുന്ന കാര്യങ്ങളില്‍ നമുക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. നമ്മുടെ വീട്ടില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്നാണ് നാം ആദ്യം കരുതിയിരിക്കേണ്ടത്.

ഗള്‍ഫിലായതു കൊണ്ട് ഇത്തരം പീഡനങ്ങളുണ്ടാവില്ല എന്ന് ധരിക്കേണ്ടതില്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി ബോധവത്കരിക്കാനും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. നമ്മുടെ കുടുംബവും നമുക്കു ചുറ്റുമുള്ളവരും നാം ജീവിക്കുന്ന സമൂഹവും ഇത്തരത്തില്‍ ബോധമുള്ള ജനതയായും നിയമപരമായും സാമൂഹികമായും ബാധ്യതയുമുള്ളവരുമാണെന്ന ചിന്തയുണ്ടാക്കുക എന്നതും സാമൂഹിക പ്രവര്‍ത്തനമാണെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി അവര്‍ വിശദീകരിച്ചു. ലേഡീസ് ഫോക്കസ് എക്‌സി. ഡയറക്ടര്‍ സബിത അനീസ് സംഘടനയെ പരിചയപ്പെടുത്തി.

Latest