Connect with us

National

ഡല്‍ഹിയില്‍ എ.കെ.ജി ഭവന് നേരെ ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന് നേരെ ആക്രമണം. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. അക്രമം നടക്കുന്നത് കണ്ട എകെജി ഭവനിലെ സിപിഐഎം പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തിറങ്ങി സംഘത്തിലൊരാളെ കയ്യോടെ പിടികൂടി. പ്രശാന്ത് എന്നയാളെയാണ് പിടികൂടിയത്. ഇയാളെ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി.

ഭായ് വീര്‍ സിംഗ് മാര്‍ഗിലെ പാര്‍ട്ടി ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു. പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് സി.പി.എമ്മിന്റെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച ശേഷം എഴുതിവച്ചത്. പാര്‍ട്ടിയുടെ പേരും കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ വിലാസവും എഴുതി വച്ചിരിയ്ക്കുന്ന ബോര്‍ഡില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ വെള്ള പേപ്പറുകള്‍ ഒട്ടിച്ച് മറയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തിട്ടുണ്ട്.

അക്രമികളില്‍ ഒരാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിളര്‍ന്നു പുറത്തുപോയ വിഭാഗമായ ആം ആദ്മി സേനയുടെ തൊപ്പിയും ധരിച്ചിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി.പി.എം കരുതുന്നത്. അതേസമയം തങ്ങള്‍ ഒരു പാര്‍ട്ടിയുടേയും പ്രവര്‍ത്തകരല്ലെന്നും ദേശവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിയ്ക്കുകയാണ് ചെയ്തതെന്നുമാണ് അക്രമികളുടെ വിശദീകരണം.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രേഹ കുറ്റം ചുമത്തി കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ മുന്‍നിരയിലാണ് സിപിഐഎം. ഇതിന്റെ രോഷം പ്രകടിപ്പിച്ചവരാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും സി.പി.എമ്മിനെ ബാധിയ്ക്കില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ സി.പി.എം ശരിയായ നിലപാടാണ് എടുക്കുന്നത് എന്നാണ് ഇത്തരം അക്രമങ്ങള്‍ വ്യക്തമാക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Latest