പ്രസിദ്ധ ബ്രിട്ടീഷ് പത്രം ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തുന്നു; ഇനി ഓണ്‍ലൈനില്‍ മാത്രം

Posted on: February 14, 2016 4:56 pm | Last updated: February 14, 2016 at 4:56 pm
SHARE

independent dailyലണ്ടന്‍: പ്രസിദ്ധ ബ്രിട്ടീഷ് പത്രം ഇന്‍ഡിപെന്‍ഡന്റ് അച്ചടി നിര്‍ത്തുന്നു. ഇന്‍ഡിപെന്‍ഡന്റ് ദിനപത്രവും വാരാന്തപ്പതിപ്പായ സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റുമാണ് അച്ചടി അവസാനിപ്പിക്കുന്നത്. രണ്ട് പത്രങ്ങളും ഓണ്‍ലൈനായി തുടരും. പത്രത്തിന്റെ ഉടമസ്ഥാവകാശം പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് തീരുമാനം. മാര്‍ച്ച് 26ന് ഇന്‍ഡിപ്പെന്‍ഡന്റിന്റെ അവസാന ലക്കം ഇറങ്ങും. സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റ് മാര്‍ച്ച് 20 മുതലും സമ്പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറും.

ഡിജിറ്റല്‍ വായന ശക്തമായതോടെ അച്ചടി എഡിഷന് പ്രചാരം കുറഞ്ഞതാണ് പുതിയ തീരുമാനത്തിന് കാരണം. നേരത്തെ സണ്‍, ഗാര്‍ഡിയന്‍, ഡെയ്‌ലിമെയില്‍ പത്രങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്ത് നിലയുറപ്പിച്ച ഇന്‍ഡിപ്പെന്‍ഡന്റിന് നാലര ലക്ഷത്തോളം കോപ്പികളുണ്ടായിരുന്നു. ഇത് പിന്നീട് 50,000 ആയി ചുരുങ്ങി. ഈ സാഹചര്യത്തില്‍ റഷ്യന്‍ വ്യവസായി എവ്‌ഗെ ലെബ്‌ദേവിന്റെ ഉടമസ്ഥതയിലുള്ള ഇഎസ്‌ഐ മീഡിയ ഗ്രൂപ്പില്‍ നിന്ന് ജോണ്‍സണ്‍ പ്രസ് ഗ്രൂപ്പ് പത്രം വാങ്ങുകയായിരുന്നു. 24 ദശലക്ഷം പൗണ്ടിനാണ് ഇവര്‍ പത്രത്തിന്റെ പേരും ഉടമസ്ഥാവകാശവും സ്വന്തമാക്കിയത്.

ഓണ്‍ലൈനിലേക്ക് മാറുന്നതോടെ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. അടുത്ത കാലത്തായി ബ്രിട്ടനില്‍ അച്ചടി നിര്‍ത്തുന്ന രണ്ടാമത്തെ മാധ്യമമാണ് ഇന്‍ഡിപ്പെന്‍ഡന്റ്. റൂപ്പഡ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് നേരത്തെ അച്ചടി നിര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here