Connect with us

Ongoing News

അണ്ടര്‍-19 ലോകകപ്പ് കിരീടം വെസ്റ്റിൻഡീസിന്

Published

|

Last Updated

ധാക്ക: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇൻഡീസ് കിരീടം സ്വന്തമാക്കി. അഞ്ച് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. 146 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് മൂന്ന് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. കീസി കാട്ടിന്റെയും (52) കീമോ പോളിന്റെയും (40) ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് കിരീടം ചൂടിയത്. തുടക്കം മുതല്‍ തന്നെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

സര്‍ഫ്രാസ് ഖാന്‍ നേടിയ അര്‍ധസെഞ്ച്വറിയാണ് (51) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ അല്‍പ്പമെങ്കിലും ചലിപ്പിച്ചത്. ആദ്യഓവറില്‍ തന്നെ വിക്കറ്റ് വീണ ഇന്ത്യക്ക് തുടര്‍ന്നുള്ള ഓവറുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സര്‍ഫ്രാസിന് പുറമെ ലോംറോര്‍ (19), ഭാതം (21) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
വിന്‍ഡീസ് ബൗളര്‍മാരില്‍ ജോസഫ്, ജോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍, കീമോ പോള്‍ രണ്ടും, ഹോള്‍ഡര്‍, സ്പ്രിങ്ങര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്.

Latest