വിശ്വമാനവികതയുടെ ഭാഷ

Posted on: February 14, 2016 12:06 am | Last updated: February 14, 2016 at 1:21 am

sugathakumariഒ എന്‍ വിക്കുള്ള ജ്ഞാനപീഠ ലബ്ധിയില്‍ കേരളം മുഴുവന്‍ അഭിമാനിക്കുന്നു. ഇത് ഒ എന്‍ വി എന്ന വ്യക്തിക്ക് മാത്രം കിട്ടിയ ആദരവല്ല. മലയാള ഭാഷക്ക് ലഭിച്ച, കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഈ പദവി ഇപ്പോള്‍ കിട്ടിയതിന് പ്രത്യേകിച്ച് ഒരു മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി – ക്ലാസിക്കല്‍ ലാംഗ്വേജ് പദവി – അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ഞങ്ങളില്‍ കുറച്ചുപേര്‍ ഒ എന്‍ വിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും മറ്റും കണ്ട് നിവേദനം അര്‍പ്പിച്ചിട്ട് കുറച്ചുനാളായി. അതിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കെയാണ്, ശ്രേഷ്ഠ ഭാഷ ആകാന്‍ മലയാളത്തിന് അര്‍ഹതയുണ്ടോ എന്ന് വിദഗ്ധന്മാര്‍ പരിശോധിച്ചു കൊണ്ടിരിക്കെയാണ് മലയാളത്തിന്റെ കവിക്ക് ഇന്ത്യയിലെ പരമോന്നതപദമായ ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് എന്നുളളത് നമ്മുടെ ആവശ്യത്തിന് കൂടുതല്‍ ശക്തി നല്‍കുന്നു. അതുകൊണ്ടുതെന്ന ഞങ്ങള്‍ക്കൊക്കെ കൂടുതല്‍ സന്തോഷമുണ്ട്. ഒരുപാട് അഭിമാനവും.
ഒ എന്‍ വി എന്നെ സംബന്ധിച്ചിടത്തോളം ഒരു കവി സുഹൃത്ത് മാത്രമല്ല, ഉറ്റ സുഹൃത്താണ് – ജ്യേഷ്ഠ സഹോദരനാണ്. ഞങ്ങളുടെ ഒരു കുടുംബാംഗത്തെപ്പോലെയാണ്. എല്ലാ സുഖ ദുഃഖങ്ങളിലും പങ്കാളിയാണദ്ദേഹം.
സ്‌കൂള്‍ വിദ്യാര്‍ഥിയായ കാലം മുതല്‍ അദ്ദേഹത്തിന്റെ നാടകഗാനങ്ങള്‍ മൂളി നടന്നിട്ടുണ്ട് ഞങ്ങളൊക്കെ. ആദ്യകാലത്തെ കവിതകള്‍ മിക്കതും ഏറെ ചുവപ്പ് നിറം കലര്‍ന്നവയായിരുന്നു. പടപ്പാട്ടുകളുടെ രീതിയും താളവുമായിരുന്നു അവക്കുണ്ടായിരുന്നത്. അതുകഴിഞ്ഞ് അദ്ദേഹം മറ്റൊരു തലത്തിലേക്ക് പടര്‍ന്നുപന്തലിക്കുന്നത് നാം കണ്ടു. വിശ്വമാനവികതയുടെ ഭാഷ, സ്‌നേഹത്തിന്റെ ഭാഷ, കാരുണ്യത്തിന്റെ ഭാഷ, ഇതെല്ലാം നാമവിടെ കേട്ടു. എല്ലാ ആദര്‍ശങ്ങളും അവയില്‍ മുഴങ്ങിക്കേട്ടു. മനുഷ്യന്റെ ഏകത്വത്തിന്റെ ഭാഷ, സമാധാനത്തിന്റെ ഭാഷ, ശാന്തിയുടെ ഭാഷ, വര്‍ഗീയതക്കെതിരെയുള്ള ശക്തമായ ഭാഷ. കാരുണ്യത്തെപ്പറ്റിയും സ്ത്രീകളുടെ സുഖ ദുഃഖങ്ങളെപ്പറ്റിയും ഒക്കെ മനസ്സ് ഭ്രമിപ്പിക്കുന്ന പാട്ടുകള്‍ അവയിലുണ്ടായിരുന്നു. ഭൂമിയുടെ പ്രശ്‌നങ്ങള്‍, അബലകളുടെ പ്രശ്‌നങ്ങള്‍ ഇവയെല്ലാം നാം ഒ എന്‍ വി കവിതയിലൂടെ കണ്ടു.
സൈലന്റ്‌വാലി പ്രക്ഷോഭകാലത്ത് ഞങ്ങളോടൊപ്പമല്ല, ഞങ്ങളുടെ മുന്‍നിരയില്‍ത്തന്നെ ഒ എന്‍ വി ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രീയാതീതമായാണ് ഞങ്ങളോടൊപ്പം വന്നതെന്ന് ഓര്‍മിക്കുക. അപ്പോഴാണ് അതിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നത്. ഇടതുപക്ഷ പാര്‍ട്ടികളെല്ലാം അതിശക്തമായി എതിര്‍ത്തൊരു പ്രക്ഷോഭമായിരുന്നു അത്. എല്ലാവരും ഞങ്ങളെ രാജ്യദ്രോഹികളെന്നും വികസന വിരോധികളെന്നും പറഞ്ഞ് പരിഹസിച്ചിരുന്നു. പലരും ഞങ്ങളെ സി ഐ എ ഏജന്റുമാരെന്ന് മുദ്രകുത്തിയ കാലത്താണ് ഒ എന്‍ വി ഞങ്ങളോടൊപ്പം ധീരമായി മുന്‍നിരയില്‍ വന്നത്. അത് ആ സമരത്തിന് വളരെയധികം ശക്തി നല്‍കി. കവികളുടെ ശബ്ദങ്ങള്‍ കൂടി പ്രക്ഷോഭ മുഖത്ത് മുദ്രാവാക്യങ്ങളായി ഉയര്‍ന്നുകേട്ടപ്പോള്‍ കൂടുതല്‍ കരുത്തും ഉണര്‍വുമുണ്ടായി. ജനങ്ങള്‍ അവയെ കൂടുതല്‍ സ്‌നേഹത്തോടെ സ്വീകരിച്ചു. മനുഷ്യഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കവിതകള്‍ക്കുള്ള കഴിവ് അന്നാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് പ്രകൃതി കവിതകള്‍ എന്നൊരു പുതിയ കവിതാരീതി തന്നെ മലയാളത്തിലുണ്ടായത്.
നശിക്കുന്ന ഭൂമിയെപ്പറ്റി, പുഴകളെപ്പറ്റി, നശിപ്പിക്കപ്പെടുന്ന കാടുകളെപ്പറ്റി, പണത്തിന്റെ അഹങ്കാരംകൊണ്ട് ഊര്‍ന്നുപോകുന്ന വയലുകളെപ്പറ്റി, വരണ്ടുപോകുന്ന മണ്ണിനെപ്പറ്റി, ഇടിച്ചു നിരത്തുന്ന കുന്നുകളെപ്പറ്റി – എവിടെയും നാം ഒ എന്‍ വിയുടെ വാക്കുകള്‍ മുഴങ്ങിക്കേട്ടു. ഭൂമിക്ക് ഒരു ചരമഗീതമെന്ന അതി ശ്രേഷ്ഠമായ കവിത പിറന്നുവീണത് സൈലന്റ്‌വാലി വിവാദക്കാലത്താണ് എന്നുളളത് ചാരിതാര്‍ഥ്യത്തോടെ സ്മരിക്കുന്നു.
എവിടെ മലയാളിയുണ്ടോ അവിടെ എനിക്കൊരു വീടുണ്ട് എന്നു പറയുന്ന ഒ എന്‍ വി നമുക്കെല്ലാം ഉറ്റ സഹോദരനാണ്. അദ്ദേഹത്തെ ഞാന്‍ അളവറ്റ് ആദരിക്കുന്നു. ഒരുപാട് സ്‌നേഹത്തോടെ, ആശംസകളോടെ, പ്രാര്‍ഥനയോടെ അദ്ദേഹത്തിനുവേണ്ടി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.
(ഒ എന്‍ വി ജ്ഞാനപീഠ ജേതാവായപ്പോള്‍ എഴുതിയ കുറിപ്പ്)