ചിറകുകളില്‍ സംഗീതമുള്ള കളഹംസം

Posted on: February 14, 2016 12:03 am | Last updated: February 15, 2016 at 2:07 pm
SHARE

ONV Caricature BLACKഒരു ചുവന്ന ദശകത്തിന്റെ ഉദയത്തോടുകൂടിയാണ് ഒ എന്‍ വി തന്റെ കാവ്യരചന ആരംഭിക്കുന്നത്. പൊരുതുന്ന സൗന്ദര്യം അതുകൊണ്ടു തന്നെ തന്റെ കവിതയുടെ ഭാവുകത്വമായി അദ്ദേഹം സ്വീകരിക്കുകയുണ്ടായി. ചങ്ങമ്പുഴയും ഇടപ്പള്ളിയും തീര്‍ത്ത അതികാല്‍പ്പനികതയുടെ കാവ്യരീതിയോട് വിയോജിക്കുന്ന ഒരു സാമൂഹിക കാല്‍പ്പനികതയെയാണ് തന്റെ കവിതയില്‍ ഒ എന്‍ വി സഫലമാക്കാന്‍ ശ്രമിച്ചത്. ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ…’ എന്നു പറയുമ്പോള്‍ വൈയക്തികമായ കാല്‍പ്പനികത സാമൂഹിക ഭാവനയായി പരിണമിക്കുകയായിരുന്നു. ആദ്യകാലത്തെ ശുഭാപ്തിവിശ്വാസങ്ങള്‍, എതിര്‍പ്പുകള്‍ എല്ലാം കവിയില്‍ പിന്നീട് അശുഭാപ്തികളിലേക്കും നിരാശാബോധത്തിലേക്കും വഴിമാറുന്നുണ്ടായിരുന്നു. മയില്‍പ്പീലി കവിതകളില്‍ ഇതിന്റെ അനുരണനങ്ങള്‍ ഒരുപാടുണ്ട്.
ഒ എന്‍ വി കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നത് ശോകമായിരുന്നു എന്നു പറയാം. ഏതോ ചില നഷ്ടങ്ങള്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭൂമിക്കു തന്നെയും സംഭവിക്കുന്നതിന്റെ ആകുലതകളാണ് കവിതകള്‍ മുഴുവന്‍ പങ്കുവെച്ചത്. ഇത് കവിയെ പതുക്കെപ്പതുക്കെ ഒരു നാച്വുറല്‍ ഹ്യൂമനിസ്റ്റ് ദര്‍ശനത്തിലേക്ക് നയിക്കുകയായിരുന്നു എന്നു വേണം പറയാന്‍.
പരിസ്ഥിതി ദര്‍ശനം അത്രയൊന്നും മലയാളി പരിചയപ്പെട്ടിട്ടില്ലാത്ത ഒരു കാലത്തുതന്നെ ഒ എന്‍ വി പാരിസ്ഥിതികമായ അവബോധത്തെ തന്റെ അനുഭൂതിയായി സ്വീകരിച്ചിരുന്നു. ‘ കാണക്കാണേ വയസ്സാകുന്നു മക്കള്‍ക്കെല്ലാം എന്നാലമ്മേ വീണക്കമ്പികള്‍ മീട്ടുകയല്ലീ നവതാരുണ്യം നിന്‍തിരുവുടലില്‍’ എന്നിങ്ങനെ ഭൂമിയുടെ വാര്‍ധക്യത്തെയും ജീവജാലങ്ങളുടെ താരുണ്യത്തെയും കുറിച്ച് വിമോഹനമായി കവി ദര്‍ശിക്കുകയുണ്ടായി. മനുഷ്യരും പ്രകൃതിയും സംബന്ധിച്ച ഒരു അദൈ്വത ദര്‍ശനത്തിലേക്ക് കവി പിന്നീട് വരുന്നുണ്ട്. ഭൂമിക്കൊരു ചരമഗീതം പ്രകൃതിയെ സംബന്ധിച്ച ആകുലതകള്‍ക്കൊപ്പം മനുഷ്യനും പ്രകൃതിയും സമഞ്ജസമായി സമ്മേളിക്കുന്ന ഒരു അദൈ്വത ദര്‍ശനത്തിന്റെ ആവശ്യകതയെയാണ് കവിതയിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചത്. ‘ഇത് നിന്റെയും (എന്റെയും) ചരമ ശുശ്രൂഷക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം…’ എന്നു പാടുമ്പോള്‍ മനുഷ്യനും പ്രകൃതിയും ഏകമാണെന്ന ദര്‍ശനമാണ് വെളിവാക്കപ്പെടുന്നത് ദര്‍ശനമാണ് വെളിവാക്കപ്പടുന്നത്.
ഭൗതിക ജീവിതത്തിലെ നഷ്ടങ്ങള്‍ ആകുലതകളായി അവയിലുടനീളം ഒഴുകുന്നണ്ട്. അപ്പോഴും പ്രകൃതി വലിയൊരു പ്രേരണയായി ഒ എന്‍ വി കവിതകളില്‍ നിറയുന്നത് കാണാം. അതാണ് തന്റെ കവിതയുമെന്ന് കവി പലപ്പോഴും നിവ്ചിക്കുന്നുണ്ട്. ‘കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ടയടവെച്ച് കവിതയായ് വിരിയിപ്പതും’ എന്ന് കവിക്ക് പാടാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
ഒരു വിപ്ലവ കവിത്രയം ഒ എന്‍ വിയെ കൂട്ടിച്ചേര്‍ത്ത് കാവ്യ ചരിത്രകാരന്‍മാര്‍ നിര്‍മിക്കുന്നുണ്ട്. വയലാര്‍, പി ഭാസ്‌കരന്‍, ഒ എന്‍ വി എന്നിവര്‍ ചേര്‍ന്നതാണ് ആ കവിത്രയം. നിസ്വരോടുള്ള ഭാവുകത്വപൂര്‍ണമായ ഐക്യം സ്ഥാപിച്ചെടുക്കുന്നതാണ് അദ്ദേഹത്തിന്റെ കവിതകള്‍. പക്ഷേ, അതൊരിക്കലും മുദ്രാവാക്യങ്ങളോ പടപ്പാട്ടുകളോ മാത്രമായി പരിമിതപ്പെട്ടു പോയില്ല. ഒരു നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ കവി എന്നും നെഞ്ചിലേറ്റിയിരുന്നു.
പലപ്പോഴും ഒ എന്‍ വിയുടെ കവിതകള്‍ കേരളീയ പരിസരം വിട്ട് വിശ്വമാനവികതയുടെ വിതാനങ്ങളിലേക്ക് ഉയരുന്നത് കാണാം. നെന്‍സല്‍ മണ്ടേല തുറുങ്കിലടക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചും ‘കറുത്ത സൂര്യനി’ല്‍ പാടുന്നു. എന്‍ വി കൃഷ്ണവാരിയരുടെ ആഫ്രിക്ക എന്ന കവിതയില്‍ പറഞ്ഞ പോലെ ‘എങ്ങു മനുഷ്യന് ചങ്ങല കൈകളില്‍, എങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാമെങ്ങോ, മര്‍ദനമവിടെ പ്രഹരം ഏല്‍ക്കുവതെന്റെ പുറത്താകുന്നു എന്ന് ലോകത്തുള്ള മര്‍ദിത ജനതയോട് ഒ എന്‍ വി ഐക്യം സ്ഥാപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here