ജയരാജന്റെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശം

Posted on: February 13, 2016 11:38 pm | Last updated: February 13, 2016 at 11:38 pm
SHARE

P-Jayarajan 2കണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചികിത്സയില്‍ കഴിയുന്ന പരിയാരം സഹകരണ ഹൃദയാലയിലെ ഡോക്ടറോട് ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ നോട്ടീസ് നല്‍കി. ഹൃദയാലയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശ്‌റഫിനോട് നാളെ രാവിലെ ഒമ്പതിന് സി ബി ഐയുടെ തലശ്ശേരിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
സി ബി ഐയുടെ മെഡിക്കല്‍ സംഘം ഡോക്ടറുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ജയരാജനെ ചികിത്സിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച ജയരാജനെ പരിയാരത്തെത്തിച്ചതിനു ശേഷം മനോജ് വധക്കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തലവന്‍ ഡി വൈ എസ് പി. ഹരി ഓംപ്രകാശ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ഇതില്‍ നിന്ന് ജയരാജന് അസുഖമില്ലെന്ന നിഗമനത്തിലാണ് സി ബി ഐ എത്തിയിട്ടുള്ളതത്രേ. ഈ സാഹചര്യത്തിലാണ് എല്ലാ രേഖകളും സി ബി ഐ മെഡിക്കല്‍ സംഘത്തിനു മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ ബി ബ്ലോക്കിലെ മുറിയിലാണ് ജയരാജന്‍ ചികിത്സയില്‍ കഴിയുന്നത്. ജയരാജന്റെ രണ്ട് ഗണ്‍മാന്മാര്‍ക്കു പുറമെ ജയിലിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും ആശുപത്രിയില്‍ ജയരാജനൊപ്പമുണ്ട്. റിമാന്‍ഡിലായ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇ സി ജിയില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൃദ്രോഗ ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയരാജനെ സഹകരണ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്. റിമാന്‍ഡിലായ ഉടന്‍തന്നെ ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സി ബി ഐ അപേക്ഷ നല്‍കിയിരുന്നു. പതിനാറ് മുതല്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കാനാണ് അപേക്ഷ നല്‍കിയത്. നാളെ അപേക്ഷ കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ജയരാജന്റെ ആരോഗ്യനില മോശമാണെന്നു ചൂണ്ടിക്കാട്ടി ജയരാജന്റെ അഭിഭാഷകര്‍ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. അതിനെ ചെറുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആരോഗ്യനില സി ബി ഐ അന്വേഷിച്ചറിയുന്നത്.
ജാമ്യത്തിനായി ജയരാജന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. സി ബി ഐയുടെ അപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം ജാമ്യഹരജി നല്‍കാനാണ് സാധ്യത.
മനോജ് വധക്കേസിലെ മുഖ്യസൂത്രധാരനാണ് ജയരാജനെന്ന് കേസ് ഡയറിയില്‍ പറയുന്നുണ്ടെങ്കിലും വളരെ കരുതലോടെയും അനുഭാവപൂര്‍വവുമാണ് സി ബി ഐയുടെ നീക്കങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here