Connect with us

International

ദക്ഷിണ കൊറിയയില്‍ അമേരിക്ക കൂടുതല്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ചു

Published

|

Last Updated

സിയൂള്‍: ദക്ഷിണ കൊറിയയില്‍ അമേരിക്ക കൂടുതല്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. സിയൂളിനടുത്ത് ഓസാന്‍ വ്യോമത്താവളത്തില്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനം ഉപയോഗിച്ചുള്ള ബാലിസ്റ്റിക് മിസൈല്‍ പരിശീലനം ആരംഭിച്ചതായി ദ. കൊറിയയിലെ യു എസ് സൈനിക കമാന്‍ഡിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തങ്ങള്‍ സദാ സജ്ജരാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പരിശീലനങ്ങളെന്ന് യു എസ് കമാന്‍ഡന്‍ഡ് ലഫ്. ജനറല്‍ തോമസ് വന്‍ഡാല്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ച ഉത്തര കൊറിയയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ വേണമെന്ന് വന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കുകയും ആണവ പരീക്ഷണം നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം. ചൈനയെയും റഷ്യയെയും പ്രകോപിപ്പിക്കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ കൂടുതല്‍ സാങ്കേതിക മേന്‍മയുള്ള പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, മിസൈല്‍ വിന്യാസത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി. മ്യൂനിക്കില്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മിസൈല്‍ വിന്യാസമടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ഈ ചര്‍ച്ച കൊണ്ട് ചൈന നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ചര്‍ച്ച.
കൊറിയകളുടെ അതിര്‍ത്തിയില്‍ സഹകരണത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന കെസോംഗ് സംയുക്ത ഫാക്ടറി കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇരു പക്ഷവും കൂടുതല്‍ അകലുന്നുവെന്നും സംഘര്‍ഷ സാധ്യത വര്‍ധിക്കുമെന്നുമാണ് ഇത് കാണിക്കുന്നത്. കെസോംഗ് ഫാക്ടറിയില്‍ നിന്നുള്ള വരുമാനം ഉ. കൊറിയ ഉപയോഗിക്കുന്നത് ആണവ, മിസൈല്‍ പദ്ധതികള്‍ക്കാണെന്ന് ദ. കൊറിയ ആരോപിക്കുന്നു. രാജ്യത്തുള്ള ദക്ഷിണ കൊറിയന്‍ പൗരന്‍മാരെ തിരിച്ചയച്ചാണ് ഉത്തര കൊറിയ ഇതിനോട് പ്രതികരിച്ചത്. സംയുക്ത വ്യവസായ പാര്‍ക്കില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.