Connect with us

Kerala

ഒഎന്‍വി ഇനി സ്മൃതിപഥങ്ങളില്‍

Published

|

Last Updated

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് കേരളം  വിടചൊല്ലി.  മൃതദേഹം  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഒഎന്‍വിയുടെ വസതിയായ ഇന്ദീവരത്തില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം തൈക്കാട്ട് ശാന്തികവാടത്തില്‍ എത്തിച്ചത്.
മഹാകവിയോടുള്ള ആദരസൂചകമായി ശാന്തികവാടത്തില്‍ കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറി. ഒ.എന്‍.വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ് ഗാനാര്‍ച്ചനയിലൂടെ അദ്ദേഹത്തിന് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും കലാസാസംകാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്നലെ വഴുതക്കാട്ടെ വസതിയിലും വിജെടി ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ശനിയാഴ്ച വെെകീട്ട് 4.35ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒൻവി കുറുപ്പി(84)ൻെറ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വരുന്നതിനിടെ അപ്രതീക്ഷിതമായാണ് വിയോഗം സംഭവിച്ചത്.ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും ഇളയ മകനായി 1931 മേയ് 27ന് ജനനം. എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത്. അങ്ങനെ അച്ഛന്റെ ഇന്‍ഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ.എന്‍.വേലുക്കുറുപ്പും സഹൃദയര്‍ക്ക് പ്രിയങ്കരനായ ഒ.എന്‍.വിയുമായി.

onv2

കൊല്ലത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ശങ്കരമംഗലം ഹൈസ്‌കൂളില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1957ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2007ലാണ് ഒഎന്‍വിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1971 അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് (1982 ഉപ്പ്), വിശ്വദീപം അവാര്‍ഡ് (1986 ഭൂമിക്കൊരു ചരമഗീതം), ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര അവാര്‍ഡ് (1989 മൃഗയ), മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (ശാര്‍ങ്ഗക പക്ഷികള്‍), ഓടക്കുഴല്‍ പുരസ്‌കാരം (മൃഗയ), ആശാന്‍ െ്രെപസ് (1991 ശാര്‍ങ്ഗക പക്ഷികള്‍), ആശാന്‍ മെമ്മോറിയല്‍ അവാര്‍ഡ് (1993 അപരാഹ്നം), മഹാകവി ഖുറം ജോഷ്വാ ജന്മശതാബ്ദി അവാര്‍ഡ് (1995 ഉജ്ജയിനി), 2007 സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, തര്‍ജമകളിലൂടെയും ലേഖനങ്ങളിലൂടെയും റഷ്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 2009ല്‍ യെസിനിന്‍ പുരസ്‌കാരം, ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം (വൈശാലി) എന്നിവയാണ് ഒഎന്‍വിക്ക് ലഭിച്ച മറ്റു പ്രധാന പുരസ്‌കാരങ്ങള്‍.

ഭാര്യ: പി.പി സരോജിനി മക്കൾ: രാജീവൻ, ഡോ. മായാദോവി.

Latest