Connect with us

Gulf

യു എ ഇയും ഇന്ത്യയും ഏഴു മുഖ്യ കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ്
മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
സൗഹൃദ സംഭാഷണത്തില്‍

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഏഴു മുഖ്യ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജനറല്‍ ശൈഖ് മുഹമ്മദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരാണാപത്രങ്ങള്‍ ഒപ്പിടുന്നതിന് സാക്ഷികളായി. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു സുപ്രധാനമായ കരാര്‍ ഒപ്പിടല്‍ ചടങ്ങ്. ദുബൈ കിരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ക്കൊപ്പം ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ധാരണാപത്രം ഒപ്പിടുന്നതിന് സാക്ഷികളായി.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരിക വിനിമയം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കരാറും ഒപ്പിട്ടവയില്‍ ഉള്‍പെടും. ഇന്‍ഷ്വറന്‍സ് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാറിന് ഐ ആര്‍ ഡി എ ഐ (ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ)യുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
ഇന്ത്യന്‍ സ്‌പെയ്‌സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനുമായി യു എ ഇ സ്‌പെയ്‌സ് ഏജന്‍സി സഹകരണത്തിന് കരാറുണ്ട്. യു എ ഇ നാഷനല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റിയും ഇന്ത്യന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ വൈദഗ്ധ്യ വികിസന സംരംഭകത്വ വിഭാഗവുമായും ആഭ്യന്തര മന്ത്രാലയവുമായുമെല്ലാം സുപ്രധാന കരാറുകളില്‍ യു എ ഇ ഒപ്പുവെച്ചിട്ടുണ്ട്.

Latest