Connect with us

Gulf

വിദേശ പഠനത്തിന് പോകുന്നവരില്‍ 95 ശതമാനവും രാജ്യത്തേക്ക് മടങ്ങുന്നില്ലെന്ന്

Published

|

Last Updated

ദുബൈ ഭരണകൂട ഉച്ചകോടിയില്‍ നിന്ന്‌

അബുദാബി: വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോകുന്ന അറബ് യുവാക്കളില്‍ 95 ശതമാനവും മാതൃരാജ്യങ്ങളിലേക്ക് മടങ്ങാറില്ലെന്ന് പഠനം. മിക്കവരും അമേരിക്കയിലെയും യൂറോപ്പിലെയും സര്‍വകലാശാലകളിലേക്കാണ് പഠനങ്ങള്‍ക്കായി പുറപ്പെടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ ഗൂഗിള്‍(എക്‌സ്) ബിസിനസ് ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഗൗദാത്ത് വെളിപ്പെടുത്തി. ഇത് അറബ് മേഖലയില്‍ ബുദ്ധിയുള്ള യുവാക്കളുടെ കുറവിന് ഇടയാക്കുന്ന സ്ഥിതിയാണെന്നും ദുബൈയില്‍ സംഘടിപ്പിച്ച ആഗോള ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംബന്ധിച്ച മുഹമ്മദ് വിശദീകരിച്ചു. അറബ് മേഖലയിലെ അസ്ഥിരതയും സാധ്യതകള്‍ കുറവായതുമാണ് വിദേശ രാജ്യങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ അറബ് യുവാക്കളെ പ്രേരിപ്പിക്കുന്നത്. പണം മാത്രം ആഗ്രഹിച്ചല്ല പലരും പഠനത്തിന് ശേഷം വിദേശങ്ങളില്‍ തുടരുന്നതെന്നും ബുദ്ധിമാന്മാരെ മാതൃരാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് പറഞ്ഞു.
പഠനങ്ങള്‍ക്കായി പോകുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ ഉതകുന്ന ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അറബ് രാജ്യങ്ങള്‍ പിന്നിലാണ്. ചൈനയെ ഇക്കാര്യത്തില്‍ മേഖലക്ക് മാതൃകയാക്കാവുന്നതാണ്. വിദേശങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ചൈനയുടെ വികസനത്തില്‍ ഈ വിഭാഗം നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണ്. അറബ് മേഖലയിലെ രാജ്യങ്ങളും വിദേശത്ത് ഉന്നതപഠനം പൂര്‍ത്തിയാക്കുന്നവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടിയിരിക്കുന്നു. വികസനം ഉറപ്പാക്കുന്നതില്‍ പുതുതലമുറയുടെ പങ്ക് ഏറെ നിര്‍ണായകമായ കാര്യമാണ്. അറബ് രാജ്യങ്ങളില്‍ പലതും യുവതീ-യുവാക്കള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലോകം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും മാറേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന് പ്രൊഫ. സര്‍കിസ് അഭിപ്രായപ്പെട്ടു. ഒരൊറ്റ ദിശയില്‍ മാത്രം സഞ്ചരിക്കാവുന്ന തെരുവിന്റെ അവസ്ഥയില്‍ ഇനി ലോകത്തിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 125 രാജ്യങ്ങളില്‍ നിന്നായി 3,000 വ്യക്തികളാണ് ഉച്ചകോടിയില്‍ പങ്കാളികളായത്.