Connect with us

Kasargod

കെ എസ ്ടി പി തൊഴിലാളി സമരം തുടരുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: ഓവര്‍ടൈം ആനുകൂല്യം വിതരണം ചെയ്യണമെന്നും എല്ലാ മാസവും ശമ്പളം നിശ്ചിത തീയ്യതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍-കാഞ്ഞങ്ങാട് സൗത്ത് കെഎസ്ടിപി റോഡ് നിര്‍മാണ തൊഴിലാളികള്‍ ആരംഭിച്ച സമരം തുടരുന്നു.
ലോക ബേങ്കിന്റെ സഹായത്തോടെ കോടികള്‍ ചിലവഴിച്ച് നടത്തുന്ന റോഡ് വിപുലീകരണ പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോള്‍ തൊഴിലാളി സമരം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും യാതൊരു നീക്കവും നടത്താത്തത് വിവാദമുയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ പാലക്കുന്ന് വരെ ഒന്നാം ഘട്ട റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി വരികയും ഈ മാസം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.
സാങ്കേതിക വിദഗ്ധരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ നൂറ്റമ്പതിലധികം പേരാണ് റോഡ് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവര്‍ ഒന്നടങ്കം സമരത്തിലാണ്. ഇവര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും സൗകര്യമൊരുക്കിയിരുന്ന പള്ളിക്കര ചെര്‍ക്കാപ്പാറയിലെ ബേയ്‌സ് ക്യാമ്പില്‍ അധികൃതരുടെ തീരുമാനം പ്രതീക്ഷിച്ച് കഴിയുകയാണ് അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍. കഴിഞ്ഞ മൂന്ന് മാസമായി ഓവര്‍ടൈം ആനുകൂല്യം കരാറുകാരന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ഏതാണ്ട് രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ തീരുന്ന പ്രശ്‌നമായിരുന്നിട്ടും കോടികള്‍ ചിലവ് വരുന്ന റോഡ് നിര്‍മാണം പാതി വഴിയില്‍ അനിശ്ചിതമായി നിലച്ചതിനെക്കുറിച്ച് അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം ലഭിക്കുമായിരുന്നെങ്കിലും ഇപ്പോഴത് പത്തും പതിനഞ്ചും ദിവസം വൈകിയാണ് കരാറുകാര്‍ വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. ഈ മാസത്തെ ശമ്പളം ഇനിയും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോഴാണ് ഇത്തരമൊരു സമരത്തിന് ഇറങ്ങേണ്ടി വന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഈ സമരം എന്ന് തീരുമെന്നോ എങ്ങനെ പരിഹരിക്കപ്പെടുമെന്നോ ഉള്ള ചോദ്യത്തിന് ജില്ലാ ഭരണകൂടം വ്യക്തമായ ഉത്തരം നല്‍കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ റോഡ് നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം അനിശ്ചിതത്വത്തില്‍ ആകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്നാല്‍ ഉദ്ഘാടനച്ചടങ്ങ് മാറ്റിവെക്കേണ്ടിവരും.

Latest