പാറല്‍ മാലിന്യ പ്രശ്‌നം; നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Posted on: February 13, 2016 9:57 am | Last updated: February 13, 2016 at 9:57 am
SHARE

timthumbപെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം പാറലില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.
ഇവിടെ നിക്ഷേപിച്ചിട്ടുള്ള നൂറ് കണക്കിന് ലോഡ് മാലിന്യം എടുത്ത് മാറ്റുന്നത് വരെ സമരം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം. എന്നാല്‍ ഇന്നലെ ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വി ജെ ജോസഫിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു.
മാലിന്യ നിക്ഷേപത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതായും ജനങ്ങള്‍ക്ക് ഇതിലുള്ള ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. കഴിയുന്നത്ര വേഗത്തില്‍ അനുകൂലമായ തീരുമാനം എടുക്കാനാവുമെന്നും തഹസില്‍ദാര്‍ നാട്ടുകാരോട് പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ മാലിന്യ നിക്ഷേപം നടത്തിയതിന് സ്ഥലം ഉടമക്കെതിരെ ക്രിമിനല്‍ ആക്ടിലെ 107, 133 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
കോഴി അവശിഷ്ടങ്ങള്‍ എന്ന വ്യാജേന ഹോസ്പിറ്റല്‍ മാലിന്യങ്ങള്‍ അടക്കമുള്ളവ ഒരു മാസത്തോളമായി ഇവിടെ നിക്ഷേപിക്കുന്നതെന്നും പഞ്ചായത്തിന്റെ അനുമതിയോടെ നടത്തുന്ന കമ്പോസ്റ്റ് വള നിര്‍മാണ ഇവിടെ നടക്കുന്നതെന്ന് ജനങ്ങളെ സ്ഥലം ഉടമ തെറ്റിദ്ധരിപ്പിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.
സമീപത്തെ കിണറുകളില്‍ എണ്ണപ്പാട കണ്ട് തുടങ്ങിയിട്ടുണ്ട്. അസഹ്യമായ ദുര്‍ഗന്ധം കാരണം വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും മാലിന്യം മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ കൂടി കടുത്ത പ്രശ്‌നങ്ങളാവും ഉണ്ടാവുക എന്നതുമാണ് നാട്ടുകാരുടെ ഭീതി.

LEAVE A REPLY

Please enter your comment!
Please enter your name here