Connect with us

Malappuram

ബജറ്റ്: കൊണ്ടോട്ടിക്ക് ആവര്‍ത്തനം മാത്രം

Published

|

Last Updated

കൊണ്ടോട്ടി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ കൊണ്ടോട്ടിക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ചിലത് ആവര്‍ത്തനം മാത്രം. താലൂക്ക് ആയി ഉയര്‍ത്തിയ കൊണ്ടോട്ടിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ അന്നത്തെ ധനകാര്യ മന്ത്രി മാണി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാണിക്ക് പകരം ബജറ്റ് അവതരിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെങ്കിലും പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്.
മാണി അവതരിപ്പിച്ച ബജറ്റില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി വകയിരുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി രണ്ടര കോടിയാണ് മിനി സിവില്‍ സ്‌റ്റേഷന് വകയിരുത്തിയിട്ടുള്ളത്. കോടികള്‍ വകയിരുത്തിയെന്ന് പത്രത്താളുകളിലെല്ലാതെ കൊണ്ടോട്ടിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനായി ഒരു കല്ലു പോലും ഇറക്കിയിട്ടില്ല ഹജ്ജ് ഹൗസ് വാര്‍ഷിക ഗ്രാന്റ് ഒന്നര കോടിയാക്കി കരിപ്പൂര്‍ ഹജ്ജ് ഹൗസിനുള്ള വാര്‍ഷിക ഗ്രാന്റ് ഒരു കോടിയില്‍ നിന്ന് ഒന്നര കോടിയായി ഉയര്‍ത്തിയതായി മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി.
ഹജ്ജ് ഹൗസിനോട് ചേര്‍ന്നു നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബഹുനില അനക്‌സ് കെട്ടിടത്തിന്റെ നിര്‍മാണത്തെപ്പറ്റി ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. മുന്‍ ബജറ്റില്‍ ഇതിന് തുക വകയിരുത്തിയതായി പ്രഖ്യാപിച്ചിരുന്നെങ്കിലും കെട്ടിട നിര്‍മാണത്തിനുള്ള ഒരു ചുവട് പോലും മുന്നോട്ട് പോയിട്ടില്ല. സ്ത്രീകള്‍ക്കുള്ള പ്രാര്‍ഥനാ ഹാള്‍, വിശ്രമ കേന്ദ്രം, ബാഗേജ് സൂക്ഷിപ്പു കേന്ദ്രം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായിരുന്നു കെട്ടിടം നിര്‍മിക്കുകയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം ഗംഭീരമായി എന്നല്ലാതെ കെട്ടിട നിര്‍മാണം കടലാസില്‍ തന്നെയാണ്. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയെയും ബജറ്റ് മറന്നിരിക്കുകയാണ്. കൊണ്ടോട്ടി ടൗണ്‍ നവീകരണവും മുതുവല്ലൂരില്‍ ഹോമിയോ ഡിസ്‌പെന്‍സറിയും പുതുതായി ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.