മഞ്ചേരിക്ക് വാരിക്കോരി

Posted on: February 13, 2016 9:53 am | Last updated: February 13, 2016 at 9:53 am

മഞ്ചേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, കായികം, നഗരവികസനം, ഗതാഗതം എന്നിങ്ങനെ മഞ്ചേരിക്ക് വാരിക്കോരി പ്രഖ്യാപനങ്ങള്‍. മഞ്ചേരി ചെരണിയില്‍ ജനറല്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് പത്തു കോടി രൂപ വകയിരുത്തി. മഞ്ചേരിയില്‍ പോളി ടെക്‌നിക് സ്ഥാപിക്കും. സംസ്ഥാനത്ത് മൂന്ന് പോളി ടെക്‌നിക്കുകള്‍ക്കായി അഞ്ചു കോടി രൂപ അനുവദിച്ചു. മഞ്ചേരിക്ക് മൂന്ന് കോടി രൂപയുടെ പ്രപ്പോസലാണ് നല്‍കിയിരുന്നത്. പയ്യനാട് സ്‌പോര്‍ട്‌സ് അക്കാഡമി സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി 112 കോടി രൂപ അനുവദിച്ചു. ലിസ്റ്റില്‍ ആദ്യപേര് മഞ്ചേരി മെഡിക്കല്‍ കോളജിന്റെതാണ്. മഞ്ചേരി നഗര സൗന്ദര്യ വത്ക്കരണം, പാണ്ടിക്കാട് ടി ബിക്ക് പുതിയ ബ്ലോക്ക്, പാണ്ടിക്കാട് ടൗണില്‍ ഫുട്പാത്ത്, മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് രണ്ട് ബൈപ്പാസ് റോഡുകള്‍, മഞ്ചേരി നഴ്‌സിംഗ് സ്‌കൂള്‍ എന്നിവയും ബജറ്റിലുണ്ട്. നാല് പുതിയ പാലങ്ങളാണ് മഞ്ചേരിക്കായി അനുവദിച്ചത്. പാണ്ടിക്കാട് കാക്കത്തോടിനു കുറുകെ പാലം, കീഴാറ്റൂര്‍ മന്തംകുണ്ട് പാലം, അരിക്കണ്ടം പാക്ക് പാലം, ചിറയക്കോട് പാലം എന്നിവയാണവ. മാലാംകുളം-ചെറുകുളം-ചെറാംകുത്ത് റോഡ്, കാരക്കുന്ന്-ആമയൂര്‍-എളയൂര്‍ റോഡ്, പാണ്ടിക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ്, മേലാറ്റൂര്‍-ആഞ്ഞിലങ്ങാടി റോഡ്, തമ്പാനങ്ങാടി തറിപ്പടി-നടുക്കുണ്ട് ചുങ്കത്തുകുന്ന് റോഡ്, മഞ്ചേരി ടി ബി റോഡ്, ചെരണി പന്നിപ്പാറ റോഡ്, കൊടശ്ശേരി വെട്ടിക്കാട്ടിരി-വാളനി നെല്ലിക്കുത്ത് റോഡ്, ചെറുകുളം – പേലേപ്പുറം – പത്തിരിയാല്‍ റോഡ്, ചോലക്കല്‍-മീമ്പാറ-തോട്ടുപൊയില്‍ റോഡ് എന്നീ റോഡുകള്‍ തുക വകയിരുത്തിയിട്ടുണ്ട്. പിലാക്കല്‍ തോടിനു കുറുകെ ചീരക്കുഴി വി സി ബി തടയണയും നിര്‍മിക്കും.