നാദാപുരത്തും വിലാതപുരത്തും മോഷണം

Posted on: February 13, 2016 9:31 am | Last updated: February 13, 2016 at 9:31 am

നാദാപുരം: ടൗണിലെ ഹോട്ടലിലും വിലാതപുരത്ത് വീട്ടിലും മോഷണം. തൊണ്ടി മുതലുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ കുമ്മങ്കോട് വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നാദാപുരം ടൗണിലെ താജ് ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് ഇളക്കിമാറ്റി അകത്ത് കയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ച മപ്പത്തി അയ്യായിരം രൂപ മോഷ്ടിച്ചു. എരഞ്ഞിക്കല്‍ കുഞ്ഞമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുളളതാണ് ഹോട്ടല്‍. വിലാതപുരത്തെ മണ്ണോത്ത് കണ്ടി സുരേഷിന്റെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഒന്നര പവന്‍ സ്വര്‍ണാഭരണവും രണ്ട് വാച്ച്, ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. സുരേഷിന്റെ മകളുടെ കൈയ്യിലെ സ്വര്‍ണാഭരണം കവരുന്നതിനിടെ കുട്ടി ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്നരയോടെ കുമ്മങ്കോട് സംശയാസ്പദമായ നിലയില്‍ കണ്ട തമിഴ്‌നാട് സേലം സ്വദേശികളായ രണ്ട് പേരെ പിടികൂടി നാട്ടുകാര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇവരില്‍ നിന്ന് മോഷ്ടിച്ച മുതലുകള്‍ പോലീസ് കണ്ടെടുത്തു. നിരവധി മോഷണ കേസുകളില്‍ പ്രതികളായ ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.