ജര്‍മന്‍ ഫുട്‌ബോള്‍ ടീം മാനേജര്‍മാര്‍ ആനസവാരിക്ക് കൊരയങ്ങാട്ട്

Posted on: February 13, 2016 9:30 am | Last updated: February 13, 2016 at 9:30 am

കൊയിലാണ്ടി: കോഴിക്കോട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ ജര്‍മന്‍ ടീമിന്റെ മാനേജര്‍മാര്‍ കൊരയങ്ങാട് തെരുവില്‍ ആനസവാരി നടത്താനെത്തി. മീഡിയ റെയ്‌ന, സെബാസ്റ്റിയന്‍ എന്നിവരാണ് ലോക്കല്‍ മാനേജര്‍ പി രാജേഷ് മേനോടൊപ്പം എത്തിയത്. കടവ് റിസോര്‍ട്ടില്‍ നിന്നും കാപ്പാട് സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ കൊയിലാണ്ടിയില്‍ എത്തിയത്. കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവിയെന്ന ആനയുടെ പുറത്ത് വലിഞ്ഞു കയറി അല്‍പ്പം ആനസവാരി നടത്തിയ ഇവര്‍ക്ക് പുതിയൊരനുഭവമായി. ജര്‍മന്‍ ടീംമംഗങ്ങള്‍ എത്തിയതറിഞ്ഞ് നിരവധി പേരും തടിച്ചുകൂടി. എല്ലാവര്‍ക്കുമൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ്‌ചെയ്യാനും ഇവര്‍ താത്പര്യം കാണിച്ചു. ചൊവ്വാഴ്ചയാണ് ജര്‍മന്‍ ടീമിന്റെ അടുത്ത മത്സരം. അതിനിടയിലെ ഒഴിവ് സമയം നോക്കി നാടു ചുറ്റാനിറങ്ങിയതായിരുന്നു ഇവര്‍. ജര്‍മനിയില്‍ നിന്നും ആദ്യമായാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. ആനസവാരിക്കുശേഷം കൊരയങ്ങാട് ക്ഷേത്ര മൈതാനിയിലൂടെയുള്ള നടത്തവും ഇവര്‍ ആസ്വദിച്ചു. ജര്‍മന്‍ ദേശീയ ടീമില്‍ കളിച്ചവരാണ് ഇരുവരും.