അര്‍ജന്റീനയെ തകര്‍ത്ത് നിപ്രോ സെമിയില്‍

Posted on: February 13, 2016 12:59 am | Last updated: February 13, 2016 at 12:59 am
SHARE
അര്‍ജന്റീന കളിക്കാരും നിപ്രോ താരങ്ങളും കൊമ്പുകോര്‍ത്തപ്പോള്‍
അര്‍ജന്റീന കളിക്കാരും നിപ്രോ താരങ്ങളും കൊമ്പുകോര്‍ത്തപ്പോള്‍

കോഴിക്കോട്: തിരമാല പോലെ ഒന്നിന് പിറകെ ഒന്നായുള്ള കുതിച്ചോട്ടം, ഗോള്‍ മുഖത്തെ നിരന്തര കൂട്ടപ്പൊരിച്ചിലുകള്‍, അടിയും ചവിട്ടുമായി പോരാട്ടത്തിന്റെ പിരിമുറുക്കം, കൈയ്യാങ്കളി, ഒടുവില്‍ ആര്‍ത്തലച്ച ആരാധകരുടെ നെഞ്ചകം പിളര്‍ത്തി ഇഞ്ച്വറി ടൈമില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍. കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍തകിടില്‍ കണ്ണീരൊഴുക്കി മടങ്ങാനായിരുന്നു മലബാറുകാരുടെ ഇഷ്ട ടീമായ മറഡോണയുടെ നാട്ടുകാര്‍ക്ക് വിധി. ആവേശ തീക്കനല്‍ തീര്‍ത്ത മത്സരത്തില്‍ ഉക്രൈന്‍ കരുത്തരായ എഫി സി ഡി നിപ്രോയാണ് (2-0) അര്‍ജന്റീനന്‍ യുവത്വത്തെ മുക്കിയത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച നിപ്രോ നാഗ്ജിയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി. ആദ്യകളിയില്‍ അയര്‍ലന്റ് ടീം ഷാംറോക്ക് റോവേഴ്‌സിനെ ഇതേ മാര്‍ജിനില്‍ നിപ്രോ തോല്‍പ്പിച്ചിരുന്നു. കളിയുടെ 91-ാം മിനുട്ടില്‍ യുറീ വകുല്‍കോയും 93-ാം മിനുട്ടില്‍ പകരക്കാരനായിങ്ങിയ വിറ്റാലി കിര്‍യയെവുമാണ് നിപ്രോക്കായി ഇന്നലെ ലക്ഷ്യം കണ്ടത്. തോല്‍വിയോടെ അര്‍ജന്റീനയുടെ സെമി സ്വപ്‌നം ഏറെക്കുറെ അവസാനിച്ചു. ഷാംറോക്ക് റോവേഴ്‌സിനോടുള്ള ഗ്രൂപ്പ് സ്റ്റേജിലെ അടുത്ത കളിയില്‍ വലിയ മാര്‍ജിനിയില്‍ ജയിക്കുകയും മ്യൂണിക്കും നിപ്രോയും തമ്മിലുള്ള കളിയില്‍ നിപ്രോ ഉയര്‍ന്ന ഗോള്‍ ശരാശരിയില്‍ ജര്‍മന്‍ ടീമിനോട് തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ അര്‍ജന്റീന്‍ കൗമാരത്തിന് അവസാന നാലില്‍ ഇടംനേടാന്‍ കഴിയൂ.
അവസരങ്ങള്‍ യഥേഷ്ടം ഇരു ടീമിനും ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് മൂലം മത്സരം സമനിലയിലാകുമെന്ന് കരുതി കാണികള്‍ ഗ്രൗണ്ട് വിടാന്‍ തുടങ്ങി. നിശ്ചിത സമയവും കഴിഞ്ഞ് കളി ഇഞ്ച്വറി ടൈമിലേക്ക്. അപ്രതീക്ഷിതമായി നിപ്രോക്ക് ലഭിച്ച ഒരു ഫ്രീകിക്ക് എല്ലാം മാറ്റിമറിക്കുകയായിരുന്നു. കിക്കെടുത്ത ബോധന്‍ ലെഡിനിവിന്റെ കാലില്‍ നിന്ന് പന്ത് അര്‍ജന്റീനന്‍ പ്രതിരോധത്തിലേക്ക്. പന്ത് കണക്ട് ചെയ്യുന്നതില്‍ പ്രതിരോധ താരങ്ങള്‍ തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ഓടിയെത്തിയ യൂറി വാക്കുല്‍കോ പോസ്റ്റിന്റെ വലത്തേ മൂലയില്‍ നിന്ന് ഇടത്തേ മൂലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ഗോള്‍ അടിച്ച ആവേശത്തില്‍ കോര്‍ണര്‍ സിഗ്നല്‍ സ്റ്റിക് ഊരിയെറഞ്ഞ വകുല്‍കോക്ക് മഞ്ഞ കാര്‍ഡ് നല്‍കാന്‍ റഫറി മറന്നില്ല. ഗോള്‍ മടക്കാനുള്ള അര്‍ജന്റീനന്‍ പ്രത്യേക്രമണത്തിനിടെ മിനുട്ടുകള്‍ക്കം നിപ്രോ രണ്ടാമതും വെടിപൊട്ടിച്ചു. അര്‍ജന്റീനന്‍ താരത്തിന്റെ മിസ് പാസ് കണക്ട് ചെയ്ത് ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും പന്തുമായി കുതിച്ച് ഡിനിപ്രോയുടെ പകരക്കാരന്‍ സ്‌െ്രെടക്കര്‍ വിറ്റാലി മുന്നോട്ട് ഓടിയെത്തിയ അര്‍ജന്റീനന്‍ ഗോളി ഫാക്കുണ്ടോ ഫെറാറോയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു. ഗോളിനായി അര്‍ജന്റീനന്‍ താരങ്ങള്‍ നിപ്രോ ഹാഫിലേക്ക് ഓടിക്കയറിയപ്പോള്‍ പ്രതിരോധത്തില്‍ ആളില്ലാതായതാണ് രണ്ടാം ഗോളിന് വഴിവെച്ചത്.
കളിയുടെ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം കാഴ്ചവെക്കാന്‍ ഇരുടീമിനുമായില്ല. എന്നാല്‍ ആദ്യ പകുതിയുടെ നിയന്ത്രണം ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് തന്നെയായിരുന്നു. പത്താം മിനുറ്റില്‍ അര്‍ജന്റീനയുടെ പെഡ്രോ സോസയുടെ ഷോട്ട് ഗോളി തട്ടിയകറ്റിയപ്പോള്‍ 21-ാം മിനുറ്റില്‍ അദ്ദേഹത്തിന്റെ തന്നെ മനോഹരമായൊരു സിസര്‍കട്ട് ക്രോസ്ബാറിന് തൊട്ടരികിലൂടെയാണ് പറന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ നിപ്രോയുടെ കടന്നക്രമണമാണ് കണ്ടത്.
ലഭിച്ച അര ഡസനോളം സുവര്‍ണാവസരങ്ങള്‍ നിപ്രോ മുന്നേറ്റനിരക്ക് മുതലെടുക്കാനായില്ല. അവസരങ്ങള്‍ കളഞ്ഞ്കുളിച്ച യുക്രൈന്‍ താരങ്ങളുടെ തീപാറുന്ന ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രം ഗോളില്‍ കലാശിക്കാതെ പോയി. 84-ാം മിനുറ്റില്‍ നിപ്രോ ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചതാണ്. വഌഡിസ്ലേവ് കോചെര്‍ഗിനും, ഇഹോര്‍ കോഹട്ടും നടത്തിയ നീക്കത്തിനൊടുവില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് പന്ത് മറിച്ചുകിട്ടിയ വിറ്റലി കിര്യേവ് തൊടുത്ത ഷോട്ട് അര്‍ജന്റീനയുടെ വല ചലിപ്പിച്ചെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
ഫൗളുകള്‍ക്ക് ഒരു കുറവും ഇല്ലാത്ത മത്സരത്തില്‍ അഞ്ച് തവണ റഫറി മഞ്ഞകാര്‍ഡ് പുറത്തെടുത്ത്. ടാക്ലിംഗിന് വിധേയമാവുമ്പോള്‍ എതിര്‍ ടീമിന്റെ താരത്തോട് കയര്‍ക്കുന്നത് ഇരുടീമും പതിവാക്കിയതോടെ അഞ്ച് തവണ കളി കയ്യാങ്കളിയിലെത്തി. ഓടിയെത്തി താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു. ഒരു തവണ രണ്ട് മിനുട്ടോളം താരങ്ങള്‍ വാഗ്വാദമുണ്ടായി. പലപ്പോഴും പ്രറഫി സി ആര്‍ ശ്രീകൃഷ്ണ കളിക്കാര്‍ക്കിടയില്‍ കയറിനിന്ന് രംഗം ശാന്തമാക്കുകയായിരുന്നു.
ഇന്ന് ബ്രസീല്‍ ടീമായ അത്‌ലറ്റികോ പെരാനെന്‍സ്, റുമാനിയന്‍ ടീമായ എഫ്‌സി റാപ്പിഡ് ബുക്കാറസ്റ്റുമായി എറ്റുമുട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here