Connect with us

International

നേപ്പാള്‍ പ്രധാനമന്ത്രി 19ന് ഇന്ത്യയിലെത്തും

Published

|

Last Updated

കാഠ്മണ്ഡു: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 19ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇന്ത്യയിലെത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വ്യാഴാഴ്ച രാത്രി നടന്ന മന്ത്രിസഭാ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് വിവര, വാര്‍ത്താവിതരണ മന്ത്രി ഷേര്‍ ദാന്‍ റായ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യരാഷ്ട്രീയ ഉപദേഷ്ടാവ് ബിഷ്ണു റിമാല്‍ പറഞ്ഞു.
ഇന്ത്യയുമായി ഉഭയകക്ഷിബന്ധം ശക്തപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു സന്ദര്‍ശനം. ഇന്ത്യയുമായി സാമ്പത്തിക സാങ്കേതിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും നേപ്പാളിന്റെ പുനര്‍നിര്‍മാണത്തിന് ഇന്ത്യ വാഗ്ദാനം ചെയ്ത ഒരു ബില്യണ്‍ ഡോളറിന്റെ സഹായം പ്രയോജനപ്പെടുത്തുന്നതിനും യാത്ര ലക്ഷ്യം വെക്കുന്നു. നിരവധി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം മുന്‍ പ്രധാനമന്ത്രി, മുന്‍ വിദേശകാര്യമന്ത്രി, ബിസിനസുകാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തും. നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളര്‍ കടം നല്‍കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പും വെക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നേപ്പാള്‍ ധനകാര്യ മന്ത്രി പ്രസാദ് പോഡെലും വിദേശകാര്യ സെക്രട്ടറി ശങ്കര്‍ദാസ് ബെയ്‌റാഗിയും കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജുമായും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ചര്‍ച്ച നടത്തിയിരുന്നു.