Connect with us

International

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുരുതര ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുമെന്ന ഭയമുണ്ടെങ്കില്‍ കര്‍ഫ്യൂ അധികാരമുപയോഗിച്ച് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ക്രമസമാധാനം നിലനിര്‍ത്താന്‍ ചില സമയങ്ങളില്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു. ഇക്കാര്യം അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി നടത്തിയ വിധിപ്രസ്താവത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സുപ്രീം കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു.
ഒ ബി സി സംവരണമാവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ വിഭാഗക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയ സമയത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര ലംഘനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി സര്‍ക്കാറിന് അനുകൂലമായി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്താണ് നിയമ വിദ്യാര്‍ഥി ഗൗരവ് സുരേഷ് ഭായ് വ്യാസ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരമുള്ള സാധാരണ നടപടിയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വിഛേദനമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ക്രമസമാധാനം തകരുമെന്ന ഭീതിയുണ്ടെങ്കില്‍ എടുക്കാവുന്ന അനുയോജ്യമായ തീരുമാനമാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവന വിച്ഛേദനമെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമാകുന്ന ഇത്തരം നടപടികള്‍ സര്‍ക്കാറുകള്‍ കണ്ടെത്തണമെന്നും ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഈ വിധിയെ സുപ്രീം കോടതി പിന്തുണക്കുകയായിരുന്നു.