Connect with us

Editorial

ആത്മപരിശോധന നടത്തട്ടെ സി പി എം

Published

|

Last Updated

പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയോ ജയരജന്‍ , അതോ സി ബി ഐ ആരോപിക്കുന്നത് പോലെ കതിരൂര്‍ മനോജ് വധത്തിന്റെ സൂത്രധാരന്‍ തന്നെയോ? സി പി ഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ഇന്നലെ കാലത്ത് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറസ്റ്റ് വരിച്ചതോടെ ഈ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കയാണ് രാഷ്ട്രീയ കേരളം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ കാലത്ത് കോടതിയില്‍ കീഴടങ്ങിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ഡോക്ടറോട് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് വാങ്ങി ആംബുലന്‍സിലാണ് കോടതിയിലത്തിയത്.
ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്നാണ് സി ബി ഐ പക്ഷം. ബി ജെ പിയിലേക്കുള്ള സി പി എം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിന് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ കൊല. കേസിലെ ഒന്നാം പ്രതി കെ വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ട്. 14 വര്‍ഷം മുമ്പ് ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. ഈ പകയാണ് മനോജ് വധത്തിന് കാരണം. കേസിലെ മറ്റു പ്രതികള്‍ക്കൊന്നും മനോജിനോട് പ്രത്യേക വിരോധമുണ്ടായിരുന്നില്ല. എന്നിങ്ങനെയാണ് സി ബി ഐ നിഗമനം. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ ( യു എ പി എ) 18, 19 വകുപ്പ് പ്രകാരം പ്രേരണ, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി ഇരുപത്തിയഞ്ചാം പ്രതിയായാണ് ജയരാജനെ കേസില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെതിരെ പ്രയോഗിക്കാനും കണ്ണൂരില്‍ പാര്‍ട്ടിയുടെ മുന്നേറ്റം തടയാനും ആര്‍ എസ് എസ് സൃഷ്ടിച്ച കള്ളക്കഥയാണിതെന്നാണ് സി പി എമ്മിന്റെ വാദം. ആര്‍ എസ് എസ് കേരള ഘടകം ബി ജെ പി അധ്യക്ഷന്‍ അമിത്ഷാക്ക് അയച്ച കത്താണ് പാര്‍ട്ടി ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. കതിരൂര്‍ മനോജ് വധക്കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസില്‍ സി പി എം നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ സി ബി ഐ ശ്രമിക്കുന്നില്ലെന്നും കത്തില്‍ ആര്‍ എസ് എസ് കുറ്റപ്പെടുത്തിയിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധി കേന്ദ്രം പി ജയരാജനാണെന്നും ഷുക്കൂര്‍, ടിപി ചന്ദ്രശേഖരന്‍ കൊലപാതകങ്ങളില്‍ ജയരാജന് പങ്കുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ചില ചാനലുകലാണ് ഈ കത്തിന്റെ വിവരം പുറത്തു കൊണ്ടു വന്നത്. പ്രസ്തുത കത്തിന് ശേഷമാണ് ജയരാജനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം നല്‍കിയതെന്നതും. ഈ കേസില്‍ യു എ പി എ ചുമത്തിയപ്പോള്‍ സമാനമായ രാഷ്ട്രീയ കേസുകളില്‍ അത് ചുമത്തിയില്ലെന്നതും സി പി എം ആരോപണത്തെ ബലപ്പെടുത്തുന്നു.
കണ്ണൂരിലെ പകപോക്കല്‍ രാഷ്ട്രീയം കുപ്രസിദ്ധമാണ്. എതിര്‍ രാഷ്ടീയത്തെ പ്രതിരോധിക്കാന്‍ എന്ത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന രീതിയാണ് അവിടെ. പാര്‍ട്ടി വിട്ടതിനു നടുറോഡിലിട്ടും രാഷ്ട്രീയ എതിരാളിയെ വിദ്യാര്‍ഥികളുടെ മുന്നിലിട്ടും വെട്ടിക്കൊല്ലുന്ന ചരിത്രമാണ് കണ്ണൂരിന് പറയാനുള്ളത്. രക്തസാക്ഷി സ്തൂപങ്ങളുടെയും രക്തസാക്ഷികളുടെയും ബലിദാനികളുടെയും നാടാണിത്. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ട രക്തസാക്ഷിയുടെ പേരിലാണ് അവിടെ ബസ് കാത്തിരുപ്പു കേന്ദ്രങ്ങളുണ്ടാക്കുന്നത്. ഈ കഠാര രാഷ്ട്രീയം എല്ലാ പാര്‍ട്ടികള്‍ക്കും വശമുണ്ടെങ്കിലും സി പി എമ്മും ബി ജെ പിയുമാണ് മുന്‍പന്തിയില്‍. നേതാക്കളുടെ അറിവോടെയും ഒത്താശയോടെയുമാണ് മിക്കതും അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനുള്ള പങ്ക് തള്ളിക്കളയാവതല്ല. പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ നിയമത്തിന് വിട്ടു കൊടുക്കുകയും വേണം. അതേസമയം തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ പഴയ കേസുകള്‍ പൊടി തട്ടിയെടുത്ത് നേതാക്കളെ നിര്‍വീര്യരാക്കുകയും അഴികള്‍ക്കുള്ളില്‍ തളക്കുകയും ചെയ്യുന്ന തരംതാണ രാഷ്ട്രീയവും കേരളത്തിന് അപരിചിതമല്ല. സി പി എമ്മിന്റെ ശക്തനായ നേതാവും സംഘാടകനുമായ ജയരാജന്‍ നേരത്തെ ആര്‍ എസ് എസിന്റെ നോട്ടപ്പുള്ളിയാണ്. അദ്ദേഹത്തെ വീടാക്രമിച്ചു കൊല്ലാനുള്ള ശ്രമം നേരത്തെ നടന്നതുമാണ്. മനോജ് കേസില്‍ അദ്ദേഹത്തെ പ്രതിയാക്കിയത് ഇതിന്റെ തുടര്‍ച്ചയാണെങ്കില്‍ അത് അത്യന്തം ഹീനവും നിന്ദ്യവുമാണ്.
അതെന്തായാലും സി പി എമ്മിന് ആത്മപരിശോധനക്കുള്ള സമയമാണിത്. രാഷ്ട്രീയ കേസുകളിലെല്ലാം അടുത്തിടെ പാര്‍ട്ടിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാരായി രാജന്‍ രാജിക്കേണ്ടി വന്നതിനും ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനും പിന്നാലെ ജയരാജന്‍ അറസ്റ്റ് വരിച്ചതും പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം കുറച്ചൊന്നുമല്ല. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടിയെ ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അക്രമ രാഷ്ട്രീയം ചില താത്കാല നേട്ടങ്ങളുണ്ടാക്കിയേക്കാമെങ്കിലും ഭാവിയില്‍ ഗുരുതരമായ തിരിച്ചടികള്‍ക്ക് കാരണമാകുമെന്ന തിരിച്ചറിവാണ് ഇത് നല്‍കുന്നത്. ഈ ഗുണപാഠം ഉള്‍ക്കൊണ്ട് കഠാര രാഷ്ട്രീയം കൈവെടിഞ്ഞു ആദര്‍ശ രാഷ്ട്രീയത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ സി പി എം മാത്രമല്ല, ബി ജെ പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ മറ്റു പാര്‍ട്ടികളും തയ്യാറാകേണ്ടിയിരിക്കുന്നു.