Connect with us

Articles

ബജറ്റ് പ്രഖ്യാപനങ്ങളുടെ ഉള്ളി തൊലിക്കുമ്പോള്‍

Published

|

Last Updated

കഴിഞ്ഞ അഞ്ച് ബജറ്റുകളും ഇതുപോലെ തന്നെയായിരുന്നു. പ്രഖ്യാപനങ്ങളുടെ പെരുമഴ. എല്ലാം കഴിഞ്ഞ്, വല്ലതും നടന്നോ എന്ന് അന്വേഷിച്ചാലോ? നിരാശയാണ് ഫലം. ഉമ്മന്‍ചാണ്ടിയുടെ ഈ ബജറ്റിന് ഒരു പ്രസക്തിയുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഈ ബജറ്റിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ ഗതിയെന്താണ് എന്ന വിലയിരുത്തലാണ് ഇപ്പോള്‍ വേണ്ടത്. അതാകട്ടെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ ആകെ വിലയിരുത്തലുമാണ്.
ഈ ധനകാര്യ വര്‍ഷം അവസാനിക്കാന്‍ ഇനി ഒന്നര മാസമേയുളളൂ. ഇന്നലെ വരെയുളള ട്രഷറി കണക്ക് പ്രകാരം പദ്ധതി ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം. കഴിഞ്ഞ വര്‍ഷം പദ്ധതിയടങ്കല്‍ 22762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ ചെലവഴിച്ചിട്ടുളളൂ. ഈ വര്‍ഷം ഇത് 50 ശതമാനം പോലുമെത്തില്ല എന്നുറപ്പ്.
കഴിഞ്ഞ വര്‍ഷം ചെലവാക്കാതെ ലാപ്‌സാക്കിയത് ഏതാണ്ട് പതിനായിരം കോടി രൂപ. നടപ്പുവര്‍ ഷത്തില്‍ പാഴാക്കാന്‍ പോകുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. രണ്ടു വര്‍ഷം കൊണ്ട് 22000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പദ്ധതി വിവിധ വകുപ്പുകള്‍ക്ക് വീതിച്ചു നല്‍കിയിട്ടുണ്ട്. പല മന്ത്രിമാരും പദ്ധതി വിഹിതം ചെലവഴിക്കാന്‍ ഒരു ശ്രദ്ധയും കാണിക്കുന്നില്ല. ആ കണക്ക് പരിശോധിക്കുമ്പോഴാണ് ഇവ!ര്‍ക്കൊക്കെ മന്ത്രിയോഫീസില്‍ എന്താണ് പണിയെന്ന് നാം ചോദിച്ചു പോകുന്നത്. അനുവദിച്ച പണം ചെലവഴിക്കാതെ പാഴാക്കുന്നതില്‍ ഒന്നാമന്‍ കെ സി ജോസഫാണ്. പ്ലാനില്‍ അദ്ദേഹത്തിന്റെു വകുപ്പിന് അനുവദിച്ച 2181 കോടിയില്‍ ചെലവഴിച്ചത് വെറും 245 കോടി. 11 ശതമാനം മാത്രം. കഴിഞ്ഞ ധനകാര്യ വര്‍ഷത്തിലും 27 ശതമാനമേ അദ്ദേഹം ചെലവഴിച്ചിട്ടുളളൂ.
കണ്‍സ്യൂമര്‍ ഫെഡിനും സിവില്‍ സപ്ലൈസിനുമൊന്നും പണം തികയുന്നില്ലെന്ന് ആവലാതിപ്പെടുന്ന മന്ത്രിയുണ്ട്. അനൂപ് ജേക്കബ് അദ്ദേഹത്തിന് 25 കോടി കിട്ടിയിട്ട് ചെലവഴിച്ചത് 4.7 കോടി മാത്രം. റവന്യൂ മന്ത്രിക്ക് കിട്ടിയത് 183 കോടി, ചെലവഴിച്ചത് 47 കോടി. പകുതിപ്പണം പോലും ചെലവഴിക്കാത്ത മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രി, കൃഷി മന്ത്രി, വിദ്യാഭ്യാസമന്ത്രി, ഫിഷറീസ് മന്ത്രി, പഞ്ചായത്ത് മന്ത്രി, നഗരവികസന മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പെടും.
യഥാര്‍ഥത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചത് 28 ശതമാനം മാത്രമാണ്. അതുകൂടി പരിഗണിച്ചാല്‍ പൊതുമരാമത്തു മന്ത്രിയൊഴികെ മറ്റൊരാളും പദ്ധതി അടങ്കലിന്റെ അമ്പത് ശതമാനം ചെലവാക്കിയിട്ടുണ്ടാവില്ല എന്നാണ് എന്റെയൊരൂഹം.
മുഖ്യമന്ത്രിയൊക്കെ രാപകലില്ലാതെ അധ്വാനിക്കുന്നുവെന്ന് ഒരുവശത്ത് വന്‍ പ്രചാരണം നടക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. പക്ഷേ, പദ്ധതിപ്പണം ചെലവഴിക്കാനല്ല ഈ അധ്വാനം. സത്യത്തില്‍ എന്താണ് മന്ത്രിമാര്‍ക്കൊക്കെ പണി?
പ്രഖ്യാപനങ്ങളെല്ലാം വീണ്‍വാക്കുകളാവുകയാണ്. കഴിഞ്ഞ ബജറ്റില്‍ 1931 കോടി രൂപയുടെ പുതിയ പദ്ധതികളാണ് കെ എം മാണി പ്രഖ്യാപിച്ചത്. അംഗീകൃത പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിരുന്ന പരിപാടികള്‍ക്കു പുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുളള ഇത്തരം പ്രഖ്യാപനങ്ങള്‍. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം.
ഏറ്റവും വലിയ പ്രഖ്യാപനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് 2000 കോടി രൂപ വകയിരുത്തിയതാണ്. ഈ തുക മൂലധനമായി ഉപയോഗപ്പെടുത്തി 25000 കോടി രൂപ ബോണ്ടിറക്കി സമാഹരിക്കും എന്നാണ് പറഞ്ഞിരുന്നത്. ഒരു പൈസ പോലും ഇതുവരെ ഈ ഫണ്ടിലേക്കു നല്‍കിയിട്ടില്ല. ഇന്‍ഫ്രാഫസ്ട്രക്ചര്‍ ബോണ്ടുമില്ല. 1931 കോടി രൂപയുടെ അധികച്ചെലവ് പ്രഖ്യാപിച്ചിട്ട് ഒരിനത്തില്‍ മാത്രം രണ്ടായിരം കോടി രൂപ നല്‍കുന്നത് എങ്ങനെയെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.
കൃഷിക്കാണ് പിന്നെ വാരിക്കോരി പ്രഖ്യാപനങ്ങള്‍ നല്‍കിയത്. റബ്ബറിനെക്കുറിച്ച് ഈ ബജറ്റിലും ഗീര്‍വാണങ്ങളുണ്ട്. കഴിഞ്ഞ ബജറ്റിലും 300 കോടി രൂപ . പിന്നീട് 200 കോടി കൂടി അനുവദിച്ചു. പക്ഷേ, ആകെ ചെലവാക്കിയത് 92 കോടി രൂപ. നെല്ല് സംഭരണത്തിന് ഒരാഴ്ചക്കുളളില്‍ പണം നല്‍കാന്‍ 300 കോടി വകയിരുത്തി. സംഭരണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞാണ് കുറച്ചുപേര്‍ക്കെിങ്കിലും പണം കിട്ടിയത്. കൃഷിക്കാര്‍ക്ക്ട പലിശ രഹിത വായ്പക്കായി 125 കോടി വകയിരുത്തി. ഈ സ്‌കീമേ ആരംഭിച്ചിട്ടില്ല.
നീരക്ക് മൊത്തത്തില്‍ 30 കോടിയാണ് അധികമായി പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. പതിനാലില്‍ രണ്ട് കമ്പനികള്‍ക്ക് മാത്രമാണ് എന്റെ ക അറിവില്‍ ധനസഹായം കിട്ടിയത്.
കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങള്‍ക്കുളള സബ്‌സിഡിയായി 20 കോടി രൂപ, സുഗന്ധ വ്യജ്ഞന കൃഷിക്ക് 20 കോടി രൂപ, ഇവയൊന്നും യാഥാര്‍ഥ്യമായില്ല. മറ്റൊരു തമാശ, എല്ലാവര്‍ക്കും വീട് നല്‍കാനുളള പരിപാടിയാണ്. ഐ എ വൈ വഴി പ്രകാരം നല്‍കുന്ന 55000 വീടുകളില്‍ വീടൊന്നിന് അധികമായി പഞ്ചായത്തുകള്‍ക്കു 50000 രൂപ വീതം നല്‍കുമെന്നൊരു വാഗ്ദാനം നല്‍കിയിരുന്നു. അത് നടപ്പാക്കാന്‍ പറ്റാത്തതുകൊണ്ട് ഈ പദ്ധതിയാകെ പൊളിഞ്ഞു കിടക്കുകയാണ്. അപ്പോഴാണ് ഹൗസിംഗ് ഫണ്ടിന് 162 കോടിയും സംയോജിത ഭവനപദ്ധതിക്ക് 180 കോടി രൂപയും പഞ്ചായത്തില്‍ ഓരോ വാര്‍ഡിനും ഓരോ വീടു വീതം നല്‍കാന്‍ 110 കോടി രൂപയും ഗൃഹശ്രീ ഹൗസിംഗ് പദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തിയത്. ഇതിന് പണം കണ്ടെത്താന്‍ ലിറ്ററിന് ഒരു രൂപ പെട്രോളിന് സെസും ഏര്‍പ്പെടുത്തി. 482 കോടി പിരിഞ്ഞത് വക മാറ്റി. മേല്‍പ്പറഞ്ഞ ഒരു സ്‌കീമും നടപ്പായില്ല. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ, കോംപ്രിഹെന്‌സീവ് മിഷന്‍ ഓണ്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ 25 കോടി രൂപ, സ്റ്റാര്‍ട്ട് അപ്പ് പെര്‍ഫോമന്‍സ് ലിങ്ക്ഡ് സപ്പോര്‍ട്ട് സ്‌കീം 22 കോടി രൂപ, യുവാക്കളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അമ്പത് കോടി രൂപ, എല്‍ഡര്‍ സിറ്റിസണ്‍സ് കെയര്‍ പ്രോഗ്രാമിന് 50 കോടി രൂപ ഇങ്ങനെ നീളുന്നു, പ്രഖ്യാപനപ്പട്ടിക.
ഒന്നു കൂടി, സമ്പൂര്‍ണ ആരോഗ്യ കേരളം എന്നൊരു പദ്ധതിക്ക് 500 കോടി രൂപയാണ് വകയിരുത്തിയത്. ഇതിലെ ഗണ്യമായ പങ്ക് നിലവിലുളള സ്‌കീമുകള്‍ സംയോജിപ്പിച്ച് കണ്ടെത്തേണ്ടതാണ് എന്നു വേണമെങ്കില്‍ വാദിക്കാം. അങ്ങനെയെങ്കില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. പക്ഷേ, കഴിഞ്ഞ ജനുവരി അവസാനം മാത്രമാണ് ഇതു സംബന്ധിച്ചുളള മാര്‍ഗ നിര്‍ദേശം പോലും പുറത്തിറങ്ങിയത്.
ഇത് നടപ്പുവര്‍ഷത്തെ കാര്യം മാത്രം. 2014–15 എടുത്താലും ഇതു തന്നെയാണ് സ്ഥിതിവിശേഷം. ബജറ്റ് ഒരു പ്രഹസനമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും ഈ വിലയേ നാം കല്‍പ്പിക്കേണ്ടതുളളൂ.

 

 

---- facebook comment plugin here -----

Latest