പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും പബ്ലിക് ഗാര്‍ഡ്‌സും ഉദ്ഘാടനം ചെയ്തു

Posted on: February 12, 2016 6:29 pm | Last updated: February 12, 2016 at 6:29 pm
പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു
പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

ദോഹ: പുതുതായി നിര്‍മിച്ച പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും പബ്ലിക് ഗാര്‍ഡ്‌സ് വിഭാഗവും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
സയ്‌ലിയ്യയിലെ പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജന. സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി, കസ്റ്റംസ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ അലി അല്‍ മുഹന്നദി, അഹ്മദ് ബിന്‍ മുഹമ്മദ് മിലിറ്ററി കോളജ് കമാന്‍ഡര്‍ മേജര്‍ ജന. ഹമദ് അഹ്മദ് അല്‍ നുഐമി, ആഭ്യന്തര മന്ത്രാലയം ഉപദേശകന്‍ മേജര്‍ ജന. ഡോ. അബ്ദുല്ല യൂസുഫ് അല്‍ മആല്‍ എന്നിവര്‍ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയം എജുക്കേഷനല്‍ ആന്‍ഡ് ട്രെയ്‌നിംഗ് എന്‍വിറോണ്‍മെന്റ് പ്രോജക്ടിന്റെ (എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗ് സിസ്റ്റം) ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ വന്‍ പദ്ധതികളിലൊന്നാണിത്. ആധുനിക വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം പരിശീലനം എന്നിവയെ പിന്തുണക്കുന്നതിനൊപ്പം മന്ത്രാലയത്തിന്റെ രഹസ്യസ്വഭാവവും സ്വകാര്യതയും സൂക്ഷിക്കുകയും സംവിധാനങ്ങളുടെ ഏകോപനം നിര്‍വഹിക്കുകയും കൂടിയാണ് സിസ്റ്റം ലക്ഷ്യം വെക്കുന്നത്.
615,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിയില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ 16 ശമതാനവും പരിശീലന ഗ്രൗണ്ടുകളാണ്. ഹരിതാഭ പ്രദേശങ്ങള്‍, പാര്‍കിംഗ് ഏരിയ എന്നിവയെല്ലാം സൗകര്യപൂര്‍വം ഒരുക്കിയിരിക്കുന്നു. പോലീസ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ്, പോലീസ് സയന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വിമന്‍ പോലീസ് വിഭാഗം, സംഗീതം, ഭാഷാ, കായിക പരിശീലന വിഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. മസ്ജിദ്, ബാരക്കുകള്‍, രണ്ടു സ്‌പോര്‍ട്‌സ് ഹാളുകള്‍, ആയുധപ്പുര, തിയറ്റര്‍, ലക്ചര്‍ ഹാള്‍ തുടങ്ങിയവും ഉള്‍പ്പെടുന്നു.
75,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് പബ്ലിക് ഗാര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിനുള്ളത്. ഇതില്‍ ആറു പാര്‍പ്പിട കെട്ടിടങ്ങളും ഉള്‍പ്പെടുന്നു. റിക്രിയേഷനല്‍, ട്രെയ്‌നിംഗ് സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.