Connect with us

Gulf

ഗള്‍ഫ് തൊഴില്‍ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം പ്രൊഫഷനലുകളും സംതൃപ്തര്‍

Published

|

Last Updated

ദോഹ: ഗള്‍ഫിലും ഇതര മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന ബഹുഭൂരിഭാഗം പ്രൊഫഷനലുകളും തങ്ങളുടെ ജോലിയിലും സ്ഥാപനത്തിലും സംതൃപ്തരെന്നു പഠനം. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ജോലി സഹായകമാകുന്നുവെന്ന് അഭിപ്രായപ്പെടുന്നവര്‍ 91.5 ശതമാനം പേരാണ്. മിഡില്‍ ഈസ്റ്റിലെ പ്രധാന കരിയര്‍ വെബ്‌സൈറ്റായ ബയ്ത് ഡോട് കോം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ജോലിയോട് താത്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവര്‍ 75 ശതമാനം പേരുണ്ട്. 86 ശതമാനം പേര്‍ക്കും തങ്ങള്‍ ആരെന്ന് തങ്ങളുടെ ജോലി ബോധ്യപ്പെടുത്തിത്തരുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 57.9 ശതമാനം ആളുകളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാഹചര്യത്തിലും സംസ്‌കാരത്തിലും സന്തുഷ്ടരാണ്. ഇതില്‍ 64 ശതമാനം പേര്‍ അതീവ സന്തുഷ്ടി പ്രകടിപ്പിക്കുമ്പോള്‍ 36 ശതമാനം പേര്‍ക്ക് ശരാശരിയാണ് സംതൃപ്തി. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത പത്തു ശതമാനം പേര്‍ തങ്ങളുടെ തൊഴില്‍ സ്ഥാപനത്തില്‍ സംതൃപ്തരല്ല. ജോലി സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെ അതിന്റെ വൈകാരികതയില്‍ ഉള്‍കൊള്ളുന്നവരാണ് 87.1 ശതമാനം പ്രൊഫഷനലുകളും. പകുതിയിലധികം പേരും സഹപ്രവര്‍ത്തകരോട് അനുകമ്പയുള്ളവരാണ്.
ബന്ധങ്ങളെ ശക്തമായി അംഗീകരിക്കുന്നവര്‍ 36.9 ശതമാനം പേരുണ്ട്. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാത്തവരും ചെറിയ ശതമാനമുണ്ട്.
തൊഴില്‍ സ്ഥാപനങ്ങള്‍ ജോലിക്കാരുടെ ജന്മദിനം, വിവാഹ ദിനം പോലുള്ള വ്യക്തിപരമായ ആഘോഷങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് 51.3 ശതമാനം ആളുകളാണ്. തങ്ങളുടെ കമ്പനികള്‍ ഇത്തരം ആഘോഷങ്ങളെ എപ്പോഴും പിന്തുണക്കുന്നുവെന്ന് അറിയിച്ചത് 36.1 ശതമാനം പേര്‍ മാത്രമാണ്. ഈ വക ആഘോഷങ്ങളും അനുവദിക്കാത്ത കമ്പനികളെക്കുറിച്ച് പരിതപിക്കുന്നര്‍ 33.4 ശതമാനം പേരുണ്ട്. ജോലിസ്ഥലത്തെ സുതാര്യതയും മാന്യമായി ആശയവിനിമയും നടക്കുന്നതായി സമ്മതിക്കുന്നവര്‍ 60.2 ശതമാനം പേരാണ്. എന്നാല്‍ 11 ശതമാനം പേര്‍ക്കു മാത്രമാണ് ഇതില്‍ മികച്ച രീതി എന്ന് അഭിപ്രായം പറയാനാകുന്നത്.
കമ്പനി മാനേര്‍മാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അറിയിക്കുകയും തങ്ങളുടെ പ്രൊഫഷനല്‍ വളര്‍ച്ചക്കു വേണ്ടി ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത മുക്കാല്‍ ഭാഗം പേരും അഭിപ്രായപ്പെടുമ്പോള്‍ 7.3 ശതമാനം പേര്‍ ഇത്തരമൊരു പ്രവര്‍ത്തനമേ ഇല്ലെന്ന് ശക്തമായി പറയുന്നു. അതേസമയം തങ്ങളുടെ പ്രവര്‍ത്തനമികവ് കമ്പനികള്‍ അംഗീകരിക്കുകയും പ്രോത്സാഹനം തരികയും ചെയ്യുന്നുണ്ടെന്ന അഭിപ്രായക്കാരാണ് 81.7 ശതമാനവും. 10.9 ശതമാനം പേര്‍ ഈ രീതികളുടെ അകലത്താണ്.
100 ശതമാനം പ്രവര്‍ത്തന മികവും സംതൃപ്തിയും ജോലിയില്‍ അര്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള അന്വേഷണത്തിന് 54 ശതമാനം പേരാണ് പോസിറ്റീവായി പ്രതകരിച്ചത്. 35.9 ശതമാനം പേര്‍ സമര്‍പ്പണത്തെ നന്നയി പിന്തുണക്കുന്നു. ചെറിയ ശതമാനം പേര്‍ സമര്‍പ്പണം ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. അവധി ദിനങ്ങളില്‍ ജോലി കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് പറഞ്ഞവര്‍ 6.6 ശതമാനം മാത്രം. 86.9 ശതമാനം പേരും തങ്ങളുടെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അവധി ദിനങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. 37.6 ശതമാനം പേര്‍ ശ്രദ്ധ വേണം എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നു.
ഗള്‍ഫിലെയും മിഡില്‍ ഈസ്റ്റിലെയും തൊഴില്‍ മനോഭാവങ്ങളെക്കുറിച്ചുള്ള പഠനം സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണെന്നും ജീവനക്കാരില്‍നിന്ന് മികച്ച പ്രകടനം ലഭിക്കുന്നതിനു വേണ്ട ഇടപെടല്‍ നടത്താന്‍ കമ്പനികള്‍ക്കും മാനേജര്‍മാര്‍ക്കും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള ആശയത്തിലേക്കു വരാന്‍ ഉദ്യോഗസ്ഥര്‍ക്കും പ്രേരണ നല്‍കുന്നതാണ് വിവരങ്ങളെന്ന് ബയ്ത് ഡോട് കോം എംപ്ലോയര്‍ സൊലൂഷന്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മസ്‌രി പറഞ്ഞു.

Latest