ദേശീയ സുരക്ഷ; അന്താരാഷ്ട്ര പ്രദര്‍ശനം മാര്‍ച്ച് 15 മുതല്‍

Posted on: February 12, 2016 2:23 pm | Last updated: February 12, 2016 at 2:23 pm
SHOW
അബുദാബിയില്‍ ഐ എസ് എന്‍ ആര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: ഏഴാമത് ദേശീയ സുരക്ഷാ പ്രദര്‍ശനം മാര്‍ച്ച് 15 മുതല്‍ 17 വരെ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദര്‍ശനം. 90 രാജ്യങ്ങളില്‍ നിന്നും 500 പ്രദര്‍ശകര്‍ സംബന്ധിക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി 10 ശില്‍പശാലകളും 60 സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 30 കമ്പനികള്‍ക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര പവലിയനും 20 രാജ്യങ്ങളില്‍ നിന്നും 200 ക്ഷണിക്കപ്പെട്ട അതിഥികളും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. വിവര സാങ്കേതിക രംഗത്തെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ശില്‍പശാലകളും സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം പശ്ചിമേഷ്യയില്‍വെച്ച് ഏറ്റവും വലിയതാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. പുതുമ നിറഞ്ഞ പ്രാദേശിക വിദ്യാര്‍ഥി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി മേന്മാ അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, ജോര്‍ദാന്‍, ചെക്ക് റിപ്പബ്ലിക്, ഐവറികോസ്റ്റ്, റഷ്യ, പോളണ്ട്, ലത്‌വിയ, ഓസ്‌ട്രേലിയ എന്നീ 10 രാജ്യങ്ങളും വടക്കേ അമേരിക്കയുടെ പവലിയനും ഒരുക്കുന്നുണ്ട്. ദേശീയ സുരക്ഷയും ആഭ്യന്തര സുരക്ഷയും വര്‍ധിപ്പിക്കുന്നതിനും വിവര സാങ്കേതിക രംഗത്ത് നൂതന സാമഗ്രികള്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനുമാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ പറഞ്ഞു.
പ്രദര്‍ശന നഗരിയില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷ സംബന്ധമായ പരിശീലനം നല്‍കുന്നതിന് പുറമെ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. സുരക്ഷ സാമഗ്രികളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന എക്‌സിബിഷനില്‍ 30 കോടി ഡോളറിന്റെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉബൈദ് അല്‍ കുതുബി, മുഹമ്മദ് അബ്ദുല്ല നുഐമി, ഡോക്ടര്‍ ജാബിര്‍ ജാബിരി എന്നിവര്‍ പങ്കെടുത്തു.