തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ റിഡക്ഷന്‍

Posted on: February 12, 2016 6:00 am | Last updated: February 12, 2016 at 12:34 am
SHARE

തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഓഫര്‍ തട്ടിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു കെ എസ് ആര്‍ ടി സി. മാര്‍ച്ച് ഒന്ന് മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഓര്‍ഡിനറി ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ ഒരു രൂപ ഇളവ് അനുവദിക്കും. ഇതനുസരിച്ചു മിനിമം ടിക്കറ്റ് നിരക്ക് ഏഴ് രൂപയില്‍ നിന്ന് ആറായി ചുരുങ്ങും. ഓര്‍ഡിനറി ബസുകളിലെ മറ്റ് ടിക്കറ്റുകളിലും ഓരോ രൂപ കിഴിവുണ്ടാകും. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്സ് തുടങ്ങി മറ്റു സര്‍വീസുകളില്‍ നിലവിലെ ചാര്‍ജ് കൊള്ള തുടരുന്നതാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും കേരളത്തെ അപേക്ഷിച്ച് ബസ് നിരക്ക് കുറവാണ്. ബസ് മുതലാളിമാരും സര്‍ക്കാറും ഒത്തുകളിച്ചു ഇടക്കിടെ ബസ് നിരക്ക് ഉയര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്. ഡീസല്‍ വിലയില്‍ നേരിയ വര്‍ധന അനുഭവപ്പെടുമ്പോഴേക്കും ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് മുതലാളിമാര്‍ മുറവിളി കൂട്ടുകയും കേള്‍ക്കേണ്ട താമസം സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്യും. അതേസമയം ഡീസല്‍ വില കുറഞ്ഞാല്‍ യാത്രാനിരക്ക് കുറക്കുന്ന പതിവില്ല. 2012 നവംബര്‍ വരെ സംസ്ഥാനത്ത് ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് അഞ്ച് രൂപയായിരുന്നു. നവംബറില്‍ ഡീസല്‍ നിരക്ക് വര്‍ധനവിന്റെ പേരില്‍ ആറ് രൂപയായി വര്‍ധിപ്പിച്ചു. 50.93 ആയിരുന്നു അന്ന് ഡീസല്‍ വില. 2014 മെയില്‍ ഡീസല്‍ വില 60.88 ആയി വര്‍ധിച്ചപ്പോള്‍ ബസ് മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴായും കി.മീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 64 ആയും വര്‍ധിപ്പിച്ചു. ഇന്ധന വിലയില്‍ ഇടക്കിടെ ഉയര്‍ച്ച അനുഭവപ്പെട്ടിരുന്ന ഘട്ടമായിരുന്നു അത്. ഇതടിസ്ഥാനത്തില്‍ ഭാവിയിലുണ്ടാകുന്ന ഇന്ധന വില വര്‍ധന കൂടി മുന്നില്‍ കണ്ടാണ് അന്ന് ചാര്‍ജ് വര്‍ധന നിര്‍ണയിച്ചത്. എന്നാല്‍ പിന്നീട് ഡീസല്‍ വില കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസനത്തോട അത് 48 രൂപയിലേക്ക് താണു. ഇതേതുടര്‍ന്ന് ബസ് ചാര്‍ജ് കുറക്കണമെന്ന ആവശ്യം ശക്തമായെങ്കിലും സര്‍ക്കാറോ ബസ് ഓണേഴ്‌സ് അസോസിയേഷനോ അതിന് തയ്യാറായില്ല. ഇതു സംബന്ധിച്ച ബസ് ഓണേഴ്‌സുമായി ഒരു ചര്‍ച്ച നടത്താനുള്ള സന്മനസ്സ് പോലും കാണിച്ചില്ല. ദിവസം നൂറ് ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ബസിന് രണ്ട് വര്‍ഷം മുമ്പത്തെ അപേക്ഷിച്ചു ഈ ഇനത്തില്‍ 1300 രൂപയുടെ കുറവ് വന്നിട്ടും യാത്രക്കാരുടെ ന്യായമായ ആവശ്യത്തിന് നേരെ അവര്‍ മുഖം തിരിക്കുകയായിരുന്നു.
ബസ് ചാര്‍ജില്‍ വരുത്തേണ്ട വര്‍ധന എത്രയെന്ന് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജഡ്ജി രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ ആയിരുന്നു സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാറിന്റെ കീഴിലുള്ള നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) കണക്കുകളെ ആശ്രയിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വര്‍ഷം തോറും എന്‍ജിനും ഗിയര്‍ ബോക്‌സും മാറ്റണമെന്ന മട്ടില്‍ സ്വകാര്യ ബസ് മുതലാളിമാരുടെ താത്പര്യം മാത്രം പരിഗണിച്ചു തയ്യാറാക്കിയതാണ് നാറ്റ്പാകിന്റെ കണക്കുകള്‍. ബസുകളുടെ അറ്റകുറ്റ പണികള്‍ക്ക് നല്‍കേണ്ടി വന്നേക്കാവുന്ന ചാര്‍ജ് വരെ നാറ്റ്പാക്കിന്റെ കണക്കുകളിലുണ്ട്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബാര്‍കോഴ, സോളാര്‍ തട്ടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് നട്ടം തിരിയുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനാണ് കെ എസ് ആര്‍ ടി സി നിരക്കില്‍ നേരിയ ഇളവ് വരുത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ ടിക്കറ്റിലും ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചതല്ലാതെ കി.മീറ്റര്‍ നിരക്കില്‍ കുറവ് വരുത്തിയിട്ടില്ല. ഏഴ് രൂപയുടെ മിനിമം ടിക്കറ്റ് യാത്രക്കാരനും നൂറ് രൂപ ടിക്കറ്റുകാരനും ഒരേ ഇളവ്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈടാക്കി വരുന്ന സെസും പിന്‍വലിച്ചിട്ടില്ല. 14 രൂപ മുതല്‍ 25 വരെയുള്ള ടിക്കറ്റിന്മേല്‍ ഒരു രൂപ, 25 മുതല്‍ 49 വരെ രണ്ട് രൂപ, 50 മുതല്‍ 74 വരെ മൂന്ന് രൂപ, 75 മുതല്‍ 99 വരെ നാല് രൂപ, 100 രൂപക്ക് മുകളില്‍ 10 രൂപ എന്നിങ്ങനെയാണ് സെസ്.
ഇന്ധനവിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്തിക്കാനാണ് കെ എസ് ആര്‍ ടി സി നിരക്കില്‍ ഇളവ് വരുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എങ്കില്‍ ആദ്യമായി വേണ്ടത് യാത്രക്കാരില്‍ ബഹുഭൂരിഭാഗവും ആശ്രയിക്കുന്ന സ്വകാര്യ ബസുകളിലെ ബസ് കൂലി കുറക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയാണ്. ടിക്കറ്റ് നിരക്കില്‍ ഒരു രൂപയുടെ ഇളവ് മാത്രവും പോര, മിനിമം നിരക്കും കി.മീറ്റര്‍ നിരക്കും 2012ന് മുമ്പുള്ള സ്ഥിതിയിലാക്കണം. അഥവാ മിനിമം ചാര്‍ജ് അഞ്ച് രൂപയും കി.മീറ്റര്‍ ചാര്‍ജ് 55 പൈസയുമായി ചുരുക്കണം. എങ്കില്‍ തന്നെയും ബസ് വ്യവസായം വന്‍ലാഭകരമായിരിക്കുമെന്നാണ് കര്‍ണാടകയും തമിഴ്‌നാടും ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വില വര്‍ധനവിന്റെ പേരില്‍ കൂട്ടിയ ഓട്ടോ, ടാക്‌സി, ലോറി നിരക്ക് കുറക്കാനും നടപടി സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ഡീസല്‍ വിലയില്‍ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയ ഉടനെ തന്നെ കര്‍ണാടക മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് അഞ്ചായി ചുരുക്കിയിരുന്നു. ഈ മാതൃകയില്‍ കേരളത്തിലും ചാര്‍ജ് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യം ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണയിലില്ലെന്ന നിഷേധാത്മകമായ മറുപടിയാണ് അന്ന് ഗതാഗത വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്. ഈ ജനവിരുദ്ധ നിലപാട് തിരുത്തി ബസ് മുതലാളിമാരുടെ താത്പര്യങ്ങള്‍ക്കൊപ്പം തങ്ങളെ അധികാരത്തിലെത്തിച്ച പൊതുജനത്തിന്റെ താത്പര്യം കൂടി പരിഗണിക്കുന്ന സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണം.

LEAVE A REPLY

Please enter your comment!
Please enter your name here