Connect with us

Articles

ഗുരുവിന്റെ ദുഃഖം

Published

|

Last Updated

സാംസ്‌കാരികരംഗത്തെ കൊടുങ്കാറ്റായി വിശേഷിപ്പിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലാ സംഘം ഒരു വിഷയം പ്രധാനമായും ചര്‍ച്ചക്ക് വെച്ചിരുന്നു. അഴീക്കോടിന്റെ പന്ത്രണ്ട് ഉപന്യാസങ്ങളുടെ സമാഹാരമായ “ഗുരുവിന്റെ ദുഃഖം” എന്ന പുസ്തകമായിരുന്നു അത്. വര്‍ത്തമാനകാല ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഈ വിഷയം ഏറെ ശ്രദ്ധേയമാണ്. സംഭവബഹുലമായ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. വര്‍ഗീയതയുടെയും അഴിമതിയുടെയും വിപത്തുകള്‍ നാടിന് അപമാനം വരുത്തിയ വര്‍ത്തമാന കാലമാണ് നമുക്ക് മുന്നിലുള്ളത്. കന്നടകവി ഹുച്ചംഗി പ്രസാദ് എഴുതിയതുപോലെ സമൂഹ ശരീരമാകെ ജീര്‍ണതയുടെ കരിയും പുകയും പടര്‍ന്നുകൊണ്ടിരിക്കുന്നു. നന്മയുടെ പ്രകാശ പ്രസരിപ്പെല്ലാം ഇല്ലാതാകുന്ന ഈ കെട്ട കാലത്ത് മറ്റാരും പൊതിഞ്ഞുവെക്കപ്പെടാത്ത മനസ്സും ശരീരവും ഉള്ളവരായി ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയണം. രണസ്മരണകള്‍ ഇരമ്പുന്ന ചരിത്രവഴികള്‍ കാലഹരണപ്പെടുന്നില്ലെന്നാണ് നമുക്ക് ഓര്‍മിപ്പിക്കാനുള്ളത്.
ഗുരു എന്നതുകൊണ്ട് ഡോ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കുന്നത് ശ്രീ നാരായണഗുരുവിനെയാണ്. സമൂഹ പരിഷ്‌കര്‍ത്താവായ ഗുരു അനാചാരവിധ്വംസകനും വിപ്ലവകാരിയുമായിരുന്നു. നവോത്ഥാന നായകനും മനുഷ്യത്വത്തിന് വേണ്ടി പടപൊരുതിയ ആചാര്യനുമായിരുന്നു അദ്ദേഹം. അന്യര്‍ക്ക് ഗുണം ചെയ്യുന്നതിന് ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ച മഹാന്‍ തന്നെയായിരുന്നു ശ്രീനാരായണഗുരു. ജാതിമത ദൈവങ്ങള്‍ അന്ധവിശ്വാസനിര്‍മിതങ്ങളും അനര്‍ഥകാരണങ്ങളുമാണെന്നും അവയെ ത്യജിക്കണമെന്നും ഗുരു അക്കാലത്ത് ഉപദേശിച്ചു. ഭാരതീയ നവോത്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ് ഗുരു സൃഷ്ടിച്ചത്. ശിവഗിരിയുടെ ശാന്തിമന്ത്രം എന്ന പേരില്‍ ഇ കെ നായനാരുടെ ഒരു ലേഖനമുണ്ട്. മലയാളികളുടെ വിചാരങ്ങളെയും ചിന്തകളെയും വിപ്ലവകരമായി നവീകരിച്ച സന്യാസിയാണ് ഗുരുവെന്ന് നായനാര്‍ അതില്‍ ചൂണ്ടിക്കാട്ടുന്നു.
ആപല്‍ക്കരമായ വര്‍ഗീയ ക്രൂരതക്കെതിരെയാണ് ഗുരു എന്നും ചിന്തിച്ചത്. അദ്ദേഹത്തിന്റെ മതേതരവീക്ഷണം വിശാലമായ മാനവദര്‍ശനം തന്നെയാണ്. നല്ല മനുഷ്യനാവുകയാണ് പ്രധാനമെന്ന് ഗുരു ഉപദേശിച്ചു. ഇതിന് സ്വന്തം ജീവിതം കൊണ്ടുതന്നെ ഗുരു മാതൃകകള്‍ സൃഷ്ടിച്ചു. വ്യാസനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെ, ഗാന്ധിജിയെപ്പോലെ, അവസാന നാളുകളില്‍ ശ്രീനാരായണഗുരുവും ദുഃഖിതനായിരുന്നുവെന്ന് അഴീക്കോട് വ്യക്തമാക്കുന്നു. ഒരു ഘട്ടത്തില്‍ ഗുരുവിന്റെ മനസ്സും വാക്കും സംഘടനയില്‍നിന്ന് ഇളകിക്കഴിഞ്ഞിരുന്നതായും ഇദ്ദേഹം സൂചിപ്പിക്കുന്നു. മഹാദുഃഖത്തിന്റെ അണക്കെട്ട് പൊട്ടിച്ച് ഗുരു എഴുതിയ കത്തും അഴീക്കോട് തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
വിശ്വമാനവികതയുടെ ആചാര്യനായിരുന്നു ഗുരു. ജാതിചിന്തക്കപ്പുറത്തുള്ള ഒരു നിലപാട് അദ്ദേഹം വെച്ചുപുലര്‍ത്തി. എന്നാല്‍ ഇന്ന് സ്ഥാനമോഹികളും അയോഗ്യരും നേതാക്കളായി വന്നതാണ് സംഘത്തിന്റെ ദുരന്തമായി തീര്‍ന്നതെന്ന് അഴീക്കോട് പറയുന്നു. ഗുരുവിന്റെ മാര്‍ഗം പരസ്പരസ്‌നേഹവും സഹാനുഭൂതിയുമാണ്. ഭയവും അറിവുമാണ് ഗുരുവിന്റെ ഹൃദയ നഭസ്സിലെ ചന്ദ്രസൂര്യന്മാര്‍. ദയയാണ് സാധന. അറിവ് സിദ്ധിയുമാണ്. ദുര്‍മാര്‍ഗങ്ങളിലൂടെ ആര്‍ക്കും ലക്ഷ്യം പ്രാപിക്കാനാകില്ല. ഗുരുവിന്റെ പ്രതിമകള്‍ എളുപ്പത്തില്‍ പടുത്തുയര്‍ത്താനാകും. എന്നാല്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ മനസ്സിന്റെ ആഴത്തില്‍ നിലനിര്‍ത്തുവാനാണ് പ്രയാസം.
ജാതിവാദം, മത്സരം, കലഹം, ക്രൂരത തുടങ്ങിയ മാനവവിരുദ്ധ ചിന്തകള്‍ കൂടിവരുന്ന കാലമാണിത്. രോഹിത് വെമുലയുടെ ജീവന് വിലയില്ലെന്ന് കോളജധികൃതര്‍ക്ക് തോന്നിയത് അവന്‍ ദളിതനായതുകൊണ്ടാണ്. കീഴാളരെ ആക്ഷേപിച്ച് അടിച്ചൊതുക്കിയിരുത്തുന്ന പ്രവണതക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. ദളിതരായി പിറക്കുന്നവരെല്ലാം ആക്രമിക്കപ്പെടണമെന്ന ദുര്‍ബോധം വളരുമ്പോള്‍ മാനവികതയുടെ കൊടിക്കൂറകളുമായി കാല്‍നടപോകാനും കാവലിരിക്കാനും ആരാണുള്ളതെന്നാണ് സമൂഹം ഉറ്റുനോക്കുന്നത്. ഒരു പക്ഷേ പലതിനും തുടക്കം കുറിച്ച ഗ്രന്ഥശാലാസംഘം തന്നെ പുതിയൊരു മുദ്രാവാക്യത്തിനും ആരംഭം കുറിക്കുകയാണ്.
“ബുദ്ധന്റെ ചിന്തകള്‍/വീണ്ടും മുളപൊട്ടണം/ബസവണ്ണന്റെ വചനങ്ങള്‍/വിപ്ലവതീ പടര്‍ത്തണം/മനുസ്മൃതിയില്‍ എരിഞ്ഞവര്‍/പുനര്‍ജനിക്കണം.” കന്നടത്തിലെ ദളിത് കവി പാടുകയാണ്. ഇവിടെ വിളക്കുകള്‍ ഓരോന്നായി അണഞ്ഞുപോകുകയാണെന്ന് എഴുത്തുകാരും കലാകാരന്മാരും ഉത്ക്കണ്ഠപ്പെടുന്നു. വല്ലാതുള്ളൊരു കാലം, മാനുഷരെല്ലാം ചാവുന്നു എന്ന് കവി ടി എസ് തിരുമുമ്പിന്റെ ഓര്‍മപ്പെടുത്തലും നമ്മുടെ മുമ്പിലുണ്ട്. പ്രക്ഷുബ്ധമാണ് ഇന്ത്യയിലെയും കേരളത്തിലെയും അവസ്ഥകള്‍. അഴിമതിക്കുഴികളില്‍ ഭരണാധികാരികള്‍ ഇടറി വീണുകൊണ്ടേയിരിക്കുന്നു. ഇന്നു ഞാന്‍ നാളെ നീ എന്ന് പറഞ്ഞതുപോലെയാണ് മന്ത്രിമാരുടെ നില. സാഹചര്യങ്ങള്‍ക്കെതിരെ നെഞ്ചുറപ്പിച്ച് നീങ്ങാന്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് ലൈബ്രറി കൗണ്‍സില്‍ ഓര്‍മിപ്പിക്കുന്നു. തിരുവനന്തപുരത്ത് അപകടത്തില്‍പ്പെട്ട് റോഡില്‍വീണുകിടന്ന വൃദ്ധനെ രക്ഷപ്പെടുത്താന്‍ ആരും മുന്നോട്ടു വരാതിരുന്നത് കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തയാണ്. എന്തുകൊണ്ടിങ്ങനെ എന്നാണ് മലയാളിക്ക് ചോദിക്കാനുള്ളത്. സാമൂഹിക നീതി സര്‍വര്‍ക്കും ഉറപ്പുവരുത്താനാകുമോ എന്നാണ് പ്രധാന പ്രശ്‌നമായിത്തീരുന്നത്. അന്യജീവനുവേണ്ടി സ്വന്തം ജീവിതം ദാനം ചെയ്ത് ധന്യമാക്കേണ്ട ചിന്തകളാല്‍ പ്രേരിതമാകണം പൊതുസമൂഹം എന്നാണ് അഴീക്കോട് മാഷ് ഓര്‍മിപ്പിക്കുന്നത്. ചവിട്ടിത്താഴ്ത്തപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാനാകണം. സ്‌നേഹവും ക്ഷമയും നിഷ്‌കളങ്കതയും കൊണ്ട് ലോകം കീഴടക്കണം. മനുഷ്യസ്‌നേഹത്തിന്റെ പൂനിലാവു പരക്കുന്ന ആകാശത്തെക്കുറിച്ചാണ് നമുക്കു പ്രതീക്ഷിക്കാനുള്ളത്. ജീവിതം മത്സരിച്ചും പഴിപറഞ്ഞും തീര്‍ക്കാനുള്ളതല്ല. സ്‌നേഹിച്ചും കൂട്ടം ചേര്‍ന്നും മുന്നോട്ടുനീങ്ങാനുള്ളതാണ്. മാര്‍ക്‌സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നു.””കാപട്യവും വഞ്ചനയും നിറഞ്ഞ ചൂഷകസമുദായം ചെലുത്തുന്ന മാലിന്യത്തില്‍ നിന്നുള്ള ആത്മാവിന്റെ മുക്തിയാണ് ലോകം കൊതിക്കുന്നത്”.

Latest