പീഡിപ്പിച്ചത് തീവ്രവാദിയാക്കി: രോഹിതിന്റെ സുഹൃത്ത്‌

Posted on: February 12, 2016 12:10 am | Last updated: February 12, 2016 at 12:10 am
SHARE

12661758_1749774328589221_9191222111764442773_nതിരുവനന്തപുരം: ദളിത് സമരങ്ങളെ തീവ്രവാദവുമായി മുദ്രകുത്തിയാണ് രോഹിതിനെയും തങ്ങളെയും പീഡിപ്പിച്ചിരുന്നതെന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയ സുംഗണ്ണ വേല്‍പ്പുള്ള. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ ബംഗാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രോഹിതിന്റെ മാതാവും സഹോദരനും സുഹൃത്തുകളും മന്ത്രി എം കെ മുനീറിന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നീതിക്ക് വേണ്ടി ഈമാസം 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. രോഹിത് മരണവുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, രോഹിത് ദളിതനല്ലെന്ന നുണ പ്രചരിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. മരണപ്പെട്ട രോഹിതിന്റെയും സസ്‌പെന്‍ഷനിലായ സുഹൃത്തുകളുടെയും ജാതി തെളിയിക്കുന്ന രേഖകള്‍ യൂനിവേഴ്‌സിറ്റിയിലും ബന്ധപ്പെട്ട എല്ലാകേന്ദ്രങ്ങളും നല്‍കിയിട്ടുണ്ട്. എന്നിട്ടും ദളിതനല്ലെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ഗൂഢാലോചനയും ശ്രമങ്ങളുമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പി ഇക്കാര്യത്തില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ തയാറാകണം. അതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഇതൊരു ഒറ്റപ്പെട്ട സംഭവമാക്കി രോഹിതില്‍ മാത്രം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ശരിയല്ല. ഭീഷണി കാരണം ദിവസങ്ങളോളം ഒളിച്ച് കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തതില്‍ നന്ദിയുണ്ട്. അതുപോലെ, കേരളീയ സമൂഹം ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ പൂര്‍ണ പിന്തുണയുള്ളതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യകതമാക്കി.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ ജാതി വത്കരണം ശക്തിപ്പെട്ടുവരികയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കരായ പിന്നോക്ക വിദ്യാര്‍ഥികളെ അതില്‍ നിന്ന് അടര്‍ത്തിമാറ്റുകയെന്ന ഗൂഢാലോചനയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് എം പി പറഞ്ഞു.
രാജ്യത്ത് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ മുവ്‌മെന്റ് ശക്തിപ്പെടേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രോഹിതിന്റെ മാതാവ് ദേവിക വെമുല, രോഹിതിനൊപ്പം പുറത്താക്കിയ വിജയകുമാര്‍ പെദപ്പുടി, ശേഷയ്യ, ദ്വന്ദ്വ പ്രശാന്ത്, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ അയൂബ് റഹ്മാന്‍, ഹൈദരാബാദ് സര്‍വകലാശാല എം എസ് എഫ് പ്രസിഡന്റ് മുഹമ്മദ് ഫര്‍ഹാന്‍, ജനറല്‍ സെക്രട്ടറി നബീല്‍ഷാദ് എന്നിവരും മന്ത്രി എം കെ മുനീര്‍, മുസ്‌ലീംലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ മുസ്‌ലീംലീഗ് ദളിത് ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here