ലങ്കക്ക് മറുപടി നല്‍കാന്‍ ഇന്ത്യ

Posted on: February 12, 2016 6:00 am | Last updated: February 12, 2016 at 12:00 am
SHARE

റാഞ്ചി: ശ്രീലങ്കക്കെതിരായ ട്വന്റിട്വന്റി പരമ്പരയില്‍ ആദ്യ മത്സരത്തിലേറ്റ തോല്‍വി ഇന്ത്യക്ക് ഉണര്‍ത്തുപാട്ടാകുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഏഷ്യാ കപ്പും ലോകകപ്പും മുന്നിലിരിക്കെ ഇടക്ക് ഒരു റിയാലിറ്റി ചെക്കിന് തോല്‍വി നല്ലതാണ്. ഇന്ന് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുകയാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമില്ല.
പൂനെയിലെ ഇംഗ്ലീഷ് ട്രാക്കില്‍ ഇന്ത്യ വീണു പോയതാണെന്ന് പറഞ്ഞ ക്യാപ്റ്റന്‍ ധോണി റാഞ്ചിയില്‍ തന്റെ സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തിലാണ്. റാഞ്ചിയില്‍ ആദ്യമായാണ് രാജ്യാന്തര ട്വന്റിട്വന്റി മത്സരം നടക്കുന്നത്.
ഇവിടെ കളിച്ച മൂന്ന് ഏകദിനങ്ങളും ഇന്ത്യ ജയിച്ചിട്ടുണ്ട്. മൂന്നിലും മുന്നൂറിലേറെ സ്‌കോര്‍ ചെയ്യാനും സാധിച്ചു.
ഉയര്‍ന്ന സ്‌കോറിംഗ് ഇന്നും പ്രതീക്ഷിക്കാം. എന്നാല്‍, ഔട്ട് ഫീല്‍ഡ് മോശമാണ്. വേണ്ടത്ര സമയം ലഭിക്കാത്തത് കൊണ്ട് ഔട്ട്ഫീല്‍ഡ് മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഒഫിഷ്യലുകള്‍ സമ്മതിക്കുന്നു. കളിക്കാര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടാല്‍ ഔട്ട്ഫീല്‍ഡിനെ ചൊല്ലി പഴികേള്‍ക്കാതെ സംഘാടകര്‍ക്ക് രക്ഷപ്പെടാം.
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരമാകുന്ന കാഴ്ചയായിരുന്നു പൂനെയില്‍. കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെയിലേക്കാണ് ഏവരും ഉറ്റുനോക്കിയത്.
ലോകകപ്പ് ടീമിലിടം നേടിയ രഹാനെക്ക് ടീം ലൈനപ്പില്‍ സ്ഥിരം ഇടം ലഭ്യമാകണമെങ്കില്‍ മികച്ച ഇന്നിംഗ്‌സുകള്‍ അനിവാര്യം.
ഏകദിന ഫോര്‍മാറ്റില്‍ രഹാനെ ധോണിയുടെ ഫേവറിറ്റാണെങ്കിലും ട്വന്റിട്വന്റിയില്‍ രഹാനെ രണ്ടാം നിരയിലാണ്.
യുവരാജും സുരേഷ് റെയ്‌നയും ആള്‍ റൗണ്ടര്‍മാര്‍ എന്ന ടാഗില്‍ ആദ്യ ലൈനപ്പില്‍ സ്ഥാനം ഉറപ്പുള്ളവരായതിനാല്‍ രഹാനെക്ക് ഓപണിംഗ് ബാറ്റ്‌സ്മാന്റെ റോള്‍ ആണ് ഒഴിവുള്ളത്. ശിഖര്‍ ധവാന്‍ മങ്ങിയാല്‍ തന്നെ ആസ്ഥാനത്തേക്ക് കയറണമെങ്കില്‍ രഹാനെക്ക് കണ്ണഞ്ചിപ്പിക്കുന്ന ഇന്നിംഗ്‌സ് എടുത്തു കാണിക്കാനുണ്ടാകണം.

LEAVE A REPLY

Please enter your comment!
Please enter your name here