മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ: റീപോസ്റ്റ്‌മോര്‍ട്ടത്തിന് ഹൈക്കോടതി അനുമതി

Posted on: February 12, 2016 5:57 am | Last updated: February 11, 2016 at 11:58 pm
SHARE

svs medical collegeചെന്നൈ: വില്ലുപുരത്തെ എസ് വി എസ് മെഡിക്കല്‍ കോളജ് ഓഫ് യോഗ ആന്‍ഡ് നാചുറോപതിയിലെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനിയുടെ ശരീരം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനനുവദിക്കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.
ആത്മഹത്യ ചെയ്ത ശരണ്യ എന്ന വിദ്യാര്‍ഥിനിയുടെ പിതാവാണ് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചത്. തന്റെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വില്ലുപുരം ഗവണ്‍മെന്റ് കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതിനാല്‍ താന്‍ നിര്‍ദേശിക്കുന്ന ഡോക്ടറുടെ സാന്നിധ്യത്തില്‍ കില്‍പുക് ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായാണ് മരണപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് അപ്പീല്‍ സമര്‍പ്പിച്ചത്.
എന്നാല്‍ നേരത്തെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരാതിക്കാരന്‍ തെളിയിക്കുന്നത് വരെ അപ്പീല്‍ അനുവദിക്കാനാവില്ല എന്ന് പറഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി സിംഗിള്‍ ജഡ്ജി അപ്പീല്‍ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിതാവ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. അപ്പീല്‍ അനുവദിച്ച ഡിവിഷന്‍ ബഞ്ച് എന്തിനാണ് റീപോസ്റ്റ്‌മോര്‍ട്ടത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ആരാഞ്ഞു.
ചെന്നൈയിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ജനുവരി 24ന് താന്‍ ജില്ലാ അധികൃതരോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ വില്ലുപുരം സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതം നല്‍കുന്നതിന് അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ മകളുടെ ശരീരം ഫ്രീസറില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്ക് എറിയുകയും പോസ്റ്റ്‌മോര്‍ട്ടത്തിനായി ബലപ്രയോഗത്തിലൂടെയാണ് തന്റെ സമ്മതം വാങ്ങിയതെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചു.
കഴിഞ്ഞ മാസം 23നാണ് വില്ലുപുരം എസ് വി എസ് മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പിന്നീട് സ്ഥീകരിക്കുകയായിരുന്നു.