പ്രതീക്ഷകള്‍ വിഫലം: കണ്ണീരണിഞ്ഞ് ഹനുമന്തപ്പയുടെ ജന്മഗ്രാമം

Posted on: February 12, 2016 5:53 am | Last updated: February 11, 2016 at 11:55 pm
SHARE
ലാന്‍സ് നായിക്ക് ഹനുമന്തപ്പയുടെ മരണവാര്‍ത്തയറിഞ്ഞ് ബേട്ടദുര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയവര്‍
ലാന്‍സ് നായിക്ക് ഹനുമന്തപ്പയുടെ മരണവാര്‍ത്തയറിഞ്ഞ് ബേട്ടദുര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയവര്‍

ധര്‍വാഡ്: കൊടും തണുപ്പിനോട് മല്ലടിച്ച് മഞ്ഞുകൂനക്കടിയില്‍ നിന്ന് അത്ഭുകരമായി തിരിച്ച് വന്ന ധീര ജവാന്‍ ലാന്‍സ് നായിക് ഹനുമന്തപ്പ നാടിന്റെ പ്രതീക്ഷകളേയും പ്രാര്‍ഥനകളേയും ബാക്കിയാക്കി ഒടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ ബേട്ടദുര്‍ ഗ്രാമമൊന്നാകെ കണ്ണീര്‍ പൊഴിക്കുകയാണ്. മരണ വാര്‍ത്ത അറിഞ്ഞയുടനെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ ഒരു ഗ്രാമമൊന്നാകെ ഹനുമന്തപ്പയുടെ വീടിന് സമീപം ഒരുമിച്ച് കൂടി. ഹനുമന്തപ്പയുടെ ഭാര്യ മഹാദേവിയും മകളും അടുത്ത ബന്ധുക്കളും ഡല്‍ഹിയിലാണെങ്കിലും ഗ്രാമത്തിലുള്ള ദുഃഖാരര്‍ത്തരായ മറ്റ് ബന്ധുക്കളെ ആര്‍ക്കും ആശ്വസിപ്പിക്കാനായില്ല. രണ്ട് ദിവങ്ങള്‍ കൂടി കഴിഞ്ഞാല്‍ അവന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അതിനായി ഞങ്ങള്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിച്ചു, പക്ഷേ ദൈവങ്ങള്‍ ഞങ്ങളുടെ പ്രാര്‍ഥന കേട്ടില്ല, ഒരു കുടുംബമാണ് അനാഥമായത് – ഹനുമന്തപ്പയുടെ സുഹൃത്ത് മഞ്ജുനാഥ് കണ്ണീരോടെ പറഞ്ഞു.
”ഈ ഗ്രാമമൊന്നാകെ സങ്കടത്തിലാണ്. ഹനുമന്തപ്പയെ തിരിച്ച് കിട്ടാനായി എല്ലാ മതങ്ങളിലേയും ദൈവങ്ങളോട് ഞങ്ങള്‍ പ്രാര്‍ഥിച്ചു. എന്ത് കൊണ്ടാണ് ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാത്തതെന്ന് എനിക്കറിയില്ല”- ഒരു ഗ്രാമീണന്‍ പറയുന്നു.
”ഞങ്ങള്‍ ഒരേ സമയം ദുഃഖിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. കാരണം രാജ്യത്തെ കാക്കുന്നതിനിടെ രക്തസാക്ഷിയായ ഹനുമന്തപ്പ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.- മറ്റൊരു ഗ്രാമീണന്‍ പറഞ്ഞു.”
ഹനുമന്തപ്പയുടെ തിരിച്ച് വരവിനായി ധര്‍വാഡ് ജില്ലയില്‍ നിന്നുള്ള വ്യത്യസ്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനകള്‍ നടത്തിവരികയായിരുന്നു.
ഹുബ്ബാളി, ധര്‍വാഡ് നഗരങ്ങളിലെ അനവധി രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക സംഘടനകളും സ്‌കൂളുകളും പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.
ബംഗളൂരുവില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മിനുട്ട് മൗനമാചരിച്ച് കര്‍ണാടകയുടെ വീരനായകന് ആദരാഞ്ജലികളര്‍പ്പിച്ചു.
ഹനുമന്തപ്പയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കാനും ദല്‍ഹിയില്‍ നിന്ന് തിരിച്ച് വരാന്‍ പ്രത്യേക വിമാനമടക്കം ഏര്‍പ്പെടുത്താനും ദല്‍ഹിയിലെ കര്‍ണാടക ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ പറഞ്ഞു.
ഹനുമന്തപ്പയോടൊപ്പം സിയാച്ചിനില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ണാടക സ്വദേശികളായ സൈനികര്‍ മൈസൂരുവില്‍ നിന്നുള്ള മഹേഷ്, ഹാസനില്‍ നിന്നുള്ള നാഗേഷ് എന്നിവരുടെ കുടുബങ്ങള്‍ക്കും സഹായ ധനം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here