നവാസ് ശരീഫ് ഖത്വറില്‍

Posted on: February 11, 2016 7:44 pm | Last updated: February 11, 2016 at 7:44 pm
SHARE
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദീവാനില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  നവാസ് ശരീഫിനെ സ്വീകരിക്കുന്നു
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദീവാനില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി
നവാസ് ശരീഫിനെ സ്വീകരിക്കുന്നു

ദോഹ: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മന്ത്രിതല സംഘവും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്വറില്‍. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി നവാസിനെയും സംഘത്തെയും സ്വീകരിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഇന്നലെ പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും നയതന്ത്ര, സൗഹൃ ബന്ധങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്തതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപാവസരങ്ങള്‍, ഊര്‍ജ, വാണിജ്യ, സൈനിക മേഖലകളിലെ സഹകരണം എന്നിവ ചര്‍ച്ചക്കു വിധേയമാക്കിയ നേതാക്കള്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചക്കു വിധേയമാക്കി.
ഖത്വറില്‍നിന്നും ഗ്യാസ് വാങ്ങുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഖത്വര്‍ പെട്രോളിയത്തില്‍നിന്നാണ് പാക്കിസ്ഥാന്‍ ഗ്യാസ് വാങ്ങുക. റേഡിയോ ആന്‍ഡ് ടെലിവിഷന്‍ രംഗത്ത് സഹകരിക്കുന്നതിനുള്ള കരാര്‍, ആരോഗ്യ മേഖലിലെ സഹകരണം, അക്കാദമിക് ഗവേഷണം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരും മേധാവികളും ഒപ്പു വെച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും പങ്കെടുത്തു. പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, മറ്റു മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കുള്ള ആദരമായി അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍ താനി വിരുന്നു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here