ജീവന്‍ രക്ഷിച്ചതിനു കടപ്പാട് പറഞ്ഞ് ഇന്ത്യക്കാരന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍

Posted on: February 11, 2016 7:32 pm | Last updated: February 12, 2016 at 8:45 pm
SHARE
കിരണ്‍ മച്ചാദോ ഡോ. അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിക്കൊപ്പം
കിരണ്‍ മച്ചാദോ ഡോ. അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിക്കൊപ്പം

ദോഹ: തന്റെ ജീവന്‍ രക്ഷിച്ചതില്‍ കടപ്പാട് അറിയിച്ചും. ഈ സേവനം പുറംലോകം മനസ്സിലാക്കേണ്ടതുണ്ടെന്നും അറിയിച്ച് ഇന്ത്യക്കാരനായ പ്രാവാസി ഹാര്‍ട്ട് ഹോസ്പിറ്റലില്‍. നാട്ടിലെയും ഖത്വറിലെയും സ്വകാര്യ ആശുപത്രികള്‍ വലിയ കുഴപ്പമില്ലെന്നറിയിച്ച് വിടുകയും രോഗം കണ്ടെത്താതിരിക്കുകയും ചെയ്ത് ഒടുവില്‍ വീണു കിടന്നിടത്തു നിന്നും സുഹൃത്തുക്കള്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ കൊണ്ടെത്തിച്ചതോടെ തിരിച്ചറിഞ്ഞ രോഗവാസ്ഥയും അവിടെ നിന്നും ലഭിച്ച മികച്ച ചികിത്സയുടെ ഫമലായി മാത്രം ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിഞ്ഞെന്നുമാണ് ഇന്ത്യക്കാരനായ കിരണ്‍ മച്ചാദോ പറയുന്നത്.
ചെറുപ്പം മുതലേ ഖത്വറിലുള്ള കിരണ്‍, കാര്‍സെയില്‍സ്, മെയന്റനന്‍സ് രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു. പുറത്തും നെഞ്ചിലും വേദന, കഫക്കെട്ട് പോലുള്ള അസ്വസ്ഥതകളുണ്ടായപ്പോള്‍ സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടി. തുടര്‍ന്ന് നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും രോഗമൊന്നും കണ്ടെത്തിയില്ല. ഇവിടെ നിന്നു ലഭിച്ച മരുന്നുകള്‍ കഴിച്ച് ജീവിതം തുടര്‍ന്നു. എന്നാല്‍ കിരണിന്റെ ക്ഷീണവും അസ്വസ്ഥതയും കൂടി വന്നു. ഒരു വിദിവസം വീട്ടില്‍ തളര്‍ന്നു വീണു. രണ്ടാമതൊരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയ സമയത്തും വീണു. ഇവിടെ നിന്നും സുഹൃത്തുക്കള്‍ നേരെ ഹാര്‍ട്ട് ഹോസ്പിറ്റില്‍ എമര്‍ജന്‍സി വിഭാഗത്തിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പൊട്ടാസ്യം ലെവല്‍ തീരേ താഴ്ന്ന നിലയിലാണെന്നു കണ്ടെത്തി. ഉടന്‍ ഐ സി യുവില്‍ പ്രവേശിച്ച് ചികിത്സ നല്‍കി. ഹൃദ്‌രോഗം ബാധിച്ച് അപകടാവസ്ഥയിലാണ് താനെന്ന് ഇവിടെ വെച്ചാണ് മനസ്സിലാക്കുന്നത്.
മരണത്തിലേക്കു പോകുകയാണ് താനെന്ന് ഉറപ്പിച്ചു. ഐ സി യുവില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വാര്‍ഡിലേക്കു മാറ്റിയപ്പോഴും ഹൃദ്‌രോഗത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഹൃദയമിഡിപ്പില്‍നിന്നു തന്നെ ഇത് അനുഭവപ്പെട്ടിരുന്നു. തന്റെ പിതാവിന് ബൈ പാസ് ശസ്ത്രക്രിയ നടത്തിയ ഡോ. അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി തന്നെയാണ് തന്നെയും ചികിത്സിച്ചത്. ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ഒരു പമ്പിലൂടെ ഹൃദയധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന രീതിയാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഈ ചികിത്സക്കു വിധേയമായ ഒരു രോഗിയെ തന്നെ നേരില്‍ കൊണ്ടു വന്ന് വിശദീകരിച്ചു തരികയും ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇതോടെ തനിക്കു ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിഞ്ഞെന്നും കിരണ്‍ പറയുന്നു. ലെഫ്റ്റ് വെന്‍ട്രിക്കിള്‍ അസിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചാണ് കിരണിന്റെ ജീവന്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതാവസ്ഥയിലേക്കു തിരിച്ചു കൊണ്ടു വന്നത്. ഇപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 95 ശതമാനം വരെ ശരിയായി നടക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here