ഇന്ത്യാ വിരുദ്ധ പരാമര്‍ശം: ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാപ്പ് പറഞ്ഞു

Posted on: February 11, 2016 4:47 pm | Last updated: February 12, 2016 at 8:55 am

andersonന്യൂഡല്‍ഹി: നെറ്റ് സമത്വത്തിന് അനുകൂലമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് ഡയരക്ടര്‍ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തേയും ചരിത്രത്തേയും സംബന്ധിച്ച് നേരത്തെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശം തെറ്റായിപ്പോയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെ പരോക്ഷമായി പിന്താങ്ങുന്ന അദ്ദേഹത്തിന്റെ ട്വിറ്റ് വന്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്‍ഡേഴ്‌സണ്‍ മാപ്പ് പറഞ്ഞത്. താന്‍ ഇന്ത്യയേയും ഇന്ത്യക്കാരേയും ആരാധിക്കുന്ന ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.