കണ്ണൂരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

Posted on: February 11, 2016 2:58 pm | Last updated: February 11, 2016 at 2:58 pm
SHARE

MURDERകണ്ണൂര്‍: കണ്ണൂര്‍ ആലക്കോട്ടില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. വാളിപ്ലാക്കല്‍ സ്വദേശി ശശിയാണ് കൊല്ലപ്പെട്ടത്. ആലക്കോട് അപ്പൂസ് ബാര്‍ബര്‍ ഷോപ്പ് ഉടമ വാളിപ്ലാക്കല്‍ വി.എന്‍. ശശി (52) ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ഭാര്യ രമയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. രമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പുലര്‍ച്ചെ ആറോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. കിടപ്പുമുറിയിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8.30ന് കടയടച്ചശേഷം കടയിലെ സഹായി ഏരുവേശി സ്വദേശി കിഴക്കെവീട്ടില്‍ കൃഷ്ണനൊപ്പമാണ് ശശി വീട്ടിലെത്തിയത്. ചില ദിവസങ്ങളില്‍ കൃഷ്ണന്‍ ശശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ശശിയും രമയും തമ്മില്‍ ഉച്ചത്തില്‍ സംസാരിച്ചത് കേട്ടിരുന്നതായി കൃഷ്ണന്‍ പറയുന്നു. ഇന്നു രാവിലെ എഴുന്നേറ്റ ശശിയെ വിളിച്ച കൃഷ്ണനോട് രമ താന്‍ ശശിയെ കൊലപ്പെടുത്തിയെന്നു പറയുകയായിരുന്നു.

ഉടന്‍തന്നെ കൃഷ്ണന്‍ സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു. ആലക്കോട് എസ്‌ഐ ടി.വി. അശോകന്റെ നേതൃത്വത്തില്‍ പോലീസെത്തി രമയെ കസ്റ്റഡിയിലെടുത്തു. കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്്. വെട്ടാന്‍ ഉപയോഗിച്ച കോടാലി മുറിയില്‍നിന്നു തന്നെ പോലീസ് കണെ്ടടുത്തു. ശരണ്യ, ശ്രുതി എന്നീ രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടുപേരും വിവാഹിതരായി ഭര്‍തൃവീടുകളിലാണുള്ളത്.

രമ മാനസികാസ്വാസ്ഥ്യത്തിനു മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായിട്ടാണ് രമയുടെ മൊഴികളെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here