യുഎഇയിലെ സ്‌കൂളുകള്‍ സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക്

Posted on: February 11, 2016 2:33 pm | Last updated: February 11, 2016 at 2:33 pm
SHARE

LINUXഅജ്മാന്‍: യുഎഇയിലെ സ്‌കൂളുകളും ചില ഐടി കമ്പനികളും കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്്‌വെയറുകളുടെ ഉപയോഗം വ്യാപകമാക്കുന്നു. സോഫ്ട്‌വെയര്‍ മേഖലയിലെ വിപണി വില ഒഴിവാക്കാനും പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യാനുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് ചുവടുമാറുന്നത്.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും തടസ്സങ്ങളുമില്ലാതെ പകര്‍പ്പുകളെടുക്കാനും സാധിക്കുന്നവയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍, മാസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്ന റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാന്‍ ആണ് സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രാസ്ഥാനത്തിന്റെ സ്ഥാപകന്‍.
ലക്ഷക്കണക്കിന് ദിര്‍ഹം ലാഭിക്കാമെന്നതാണ് കമ്പനികളെയും വലിയ സ്ഥാപനങ്ങളെയും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം. ദുബൈ, അജ്മാന്‍ എന്നിവിടങ്ങളിലെ ചില സ്‌കൂളുകളില്‍ അധ്യാപകര്‍ക്കായി നല്‍കുന്ന മുഴുവന്‍ ലാപ്‌ടോപ്പുകളിലും സ്വതന്ത്ര സോഫ്ട്‌വെയറുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.
ലിനക്‌സ് കെര്‍ണല്‍, ഗ്‌നു/ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ സ്വന്തന്ത്ര സോഫ്ട് വെയറുകളുണ്ടെങ്കിലും ലിനക്‌സിന്റെ ഉബുണ്ടു, മിന്റ് എന്നീ പേരുകളിലുള്ള പതിപ്പുകളാണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധമായി ആശ്രയിക്കാവുന്ന നിരവധി ആപ്ലിക്കേഷന്‍ സോഫ്ട് വെയറുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ സുലഭമാണ്. ഇതുവഴി പഠനം രസകരവും ആസ്വാദ്യകരവുമാക്കാമെന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് അധ്യാപകരെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ സോഫ്റ്റ്‌വെയര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാമെന്നതും ഇതിന്റെ മേന്മയാണ്.
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉബുണ്ടുവിന്റെ 10. 4 പതിപ്പ് ഐടി അറ്റ് സ്‌കൂളിലെ അധ്യാപകര്‍ വികസിപ്പിച്ചെടുത്തതാണ്. ശാസ്ത്രഗണിത – ഭാഷാ വിഷയങ്ങളുടെ അധിക പ്രവര്‍ത്തനത്തിന് ഇവ സഹായിക്കുന്നുണ്ടെന്നാണ് കേരളത്തിലെ അധ്യാപകരുടെ നിരീക്ഷണം. കേരളത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളില്‍ ഇനിയും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ഉപയോഗം സജീവമായിട്ടില്ല. അതേസമയം യുഎഇയിലെ സ്‌കൂളില്‍ മറിച്ചാണ് സ്ഥിതി.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ചുവന്നവര്‍ക്ക് തുടക്കത്തില്‍ പ്രയാസമുണ്ടാക്കിയിരുന്നെങ്കിലും പതിയെ വിദ്യാര്‍ഥികളും ഈ വഴിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വ്യാപനത്തോടെ പകര്‍പ്പവകാശ ലംഘനം തുടരുന്ന നയമുള്ള മൈക്രോസോഫ്ടിന് തിരിച്ചടിയായും മാറുന്നുണ്ടെന്നാണ് നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here