വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി

Posted on: February 11, 2016 12:23 pm | Last updated: February 11, 2016 at 12:23 pm

MONKEY FLUകല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. നൂല്‍പ്പുഴ സ്വദേശിനിയായ ആദിവാസി യുവതിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കലശലായ പനിയുമായി ഇവരെ ചൊവ്വാഴ്ചയാണ് കോളനിയില്‍ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയാണ് രക്തപരിശോധനഫലം വന്നത്.
യുവതി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി കോഴിക്കോട് മെഡിക്കല്‍കോളജ് വൃത്തങ്ങള്‍ വയനാട് ഡി എം ഒയെ അറിയിച്ചു.
വനത്തില്‍ ഫയര്‍ലൈന്‍ സ്ഥാപിക്കുന്ന ജോലിക്ക് പോയപ്പോള്‍ രോഗം പിടിപെട്ടതാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
യുവതി കുരങ്ങുപനി പ്രതിരോധ വാക്‌സിനേഷന്‍ എടുത്തിട്ടില്ല. പനിസ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് യുവതിയുടെ കോളനിയില്‍ സന്ദര്‍ശനം നടത്തി. പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കണമെന്നും സുരക്ഷാമുന്‍കരുതല്‍ കൈക്കൊള്ളണമെന്നും ഡിഎംഒ അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കാത്ത ആരെയും വനത്തിനകത്തേക്ക് കടത്തിവിടരുതെന്ന് ജില്ലാ കലക്ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ കുരങ്ങുമരണങ്ങളെയും അതീവ ജാഗ്രതയോടെ കാണണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം നാലിനാണ് ഈ വര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരികരിച്ചത്. നിലവില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ രണ്ടായി. കഴിഞ്ഞ വര്‍ഷം മരണഭീതി വിതച്ച കുരങ്ങ്പനി നൂറ്റിരണ്ട് പേര്‍ക്ക് സ്ഥിരീകരിക്കുകയും ഇതില്‍ പതിനൊന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.