Connect with us

Kerala

മുസ്‌ലിംലീഗ് കേരളയാത്ര ഇന്ന് സമാപിക്കും

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിം ലീഗിന്റെ കേരള യാത്രക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ സമാപനം. ശംഖുമുഖം കടപ്പുറത്തെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ വൈകീട്ട് നാലിനാണ് സമാപനസമ്മേളനം. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് സമരത്തിന്റെ രക്തസാക്ഷി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോദരന്‍ രാജ വെമുല ചൈതന്യകുമാറും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗഹൃദം, സമത്വം, സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി ജനുവരി 24ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ജനലക്ഷങ്ങളുടെ സ്വീകരണവും അനുഗ്രഹാശിസ്സുകളും ഏറ്റുവാങ്ങിയാണ് തലസ്ഥാനത്ത് സമാപിക്കുന്നത്.
നന്മയുടെ സന്ദേശമാണ് ജാഥയിലുടനീളം പ്രചരിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരും വിഭിന്ന ചിന്താധാരകളിലുള്ളവരും ജാഥക്ക് അഭിനന്ദനവുമായെത്തി.
ഏറ്റവും പ്രസക്തമായ മുദ്രാവാക്യമാണ് ജാഥ മുന്നോട്ടുവെച്ചത്. ലോകം നേരിടുന്ന ഭീകരത എന്ന ഭീഷണിയെക്കുറിച്ചും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജനമനസാക്ഷി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജാഥയിലൂടെ സാധിച്ചതായി നേതാക്കള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest