Connect with us

Kerala

നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബഹളം. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് അവസരം നല്‍കാതെ സ്പീക്കര്‍ പറ്റിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്പീക്കറുടെ ചെയര്‍ ഒരിക്കലും പറ്റിക്കാറില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ ഇതിനു മറുപടിനല്‍കി. കോടിയേരിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കി. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ സമാന്തരസഭ ചേര്‍ന്ന് പ്രമേയം വായിച്ചിരുന്നു.
അതേസമയം ആദ്യദിവസത്തെ സോളാറിലെ വെളിപ്പെടുത്തലിനും, രണ്ടാംദിവസത്തെ ബാര്‍കോഴക്കേസിനും പിന്നാലെ ഇന്ന് ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്ക് എതിരെ അടിയന്തര പ്രമേയത്തിന് ഇടതുപക്ഷം അനുമതി തേടിയത്. എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രിയോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും, കേസില്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് തടസമില്ലെന്ന കോടതി ഉത്തരവുണ്ടെന്നും എളമരം കരീം പറഞ്ഞു.

കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാകണമെന്നും, ആരോപണ വിധേയരായവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാത്തത് ഗുരുതര സ്ഥിതിയാണെന്നും എളമരം കരീം ആരോപിച്ചു. അതേസമയം എഫ്‌ഐആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും, കേസില്‍ മുഖ്യമന്ത്രിമാരോ, മന്ത്രിമാരോ പ്രതിസ്ഥാനത്തല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി

എന്നാല്‍ ടൈറ്റാനിയം പൂട്ടാന്‍പോയ സമയത്ത് താന്‍ ഇടപെടുക ആയിരുന്നെന്നും, അതില്‍ അഴിമതി ആരോപിക്കുന്നുണ്ടെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍ഡിഎഫ് ആണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.